തലസ്ഥാനത്ത് തെരുവുയുദ്ധം; യൂത്ത് കോണ്‍ഗ്രസ്- കെ.എസ്.യു പ്രവര്‍ത്തകരും പോലീസും ഏറ്റുമുട്ടി; ജലപീരങ്കിയും ഗ്രനേഡും; രണ്ട് പൊലീസ് ജീപ്പുകൾ തകർത്തു: കെ.എസ്.യു നിരാഹാര സമരം അവസാനിപ്പിച്ചു • ഇ വാർത്ത | evartha
Latest News

തലസ്ഥാനത്ത് തെരുവുയുദ്ധം; യൂത്ത് കോണ്‍ഗ്രസ്- കെ.എസ്.യു പ്രവര്‍ത്തകരും പോലീസും ഏറ്റുമുട്ടി; ജലപീരങ്കിയും ഗ്രനേഡും; രണ്ട് പൊലീസ് ജീപ്പുകൾ തകർത്തു: കെ.എസ്.യു നിരാഹാര സമരം അവസാനിപ്പിച്ചു

കെഎസ്‌യു-യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ജലപീരങ്കിയും കണ്ണീർവാതകവും ഗ്രനേഡും പ്രയോഗിച്ചു. പൊലീസിന് നേരെ പ്രവർത്തകർ കല്ലും കുപ്പികളും വലിച്ചെറിഞ്ഞു.സി.ഐ ഉൾപ്പെടെയുള്ള പൊലീസുകാർക്കും മാധ്യമ പ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്.

ആദ്യം ജലപീരങ്കി പ്രയോഗിച്ചെങ്കിലും പ്രവർത്തകർ പിരിഞ്ഞ് പോയില്ല. പോലീസുമായി വീണ്ടും വാഗ്വാദത്തിലേർപ്പെട്ടതോടെയാണ് ലാത്തി ചാർജ് നടത്തിയത്. ഇതിനിടെ ചില പ്രവർത്തകർ കല്ലേറ് നടത്തുകയായിരുന്നു. ഇതിൽ പ്രകോപിതരായി പോലീസ് തുടർച്ചയായി കണ്ണീർ വാതകവും ഗ്രനേഡും പ്രയോഗിക്കുകയും പ്രവർത്തകരെ ഓടിച്ചിട്ട് അടിക്കുകയും ചെയ്തു.

നിരവധി പ്രവർത്തകർക്കും പോലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലുണ്ടായ സംഘർഷം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ മാർച്ചിലാണ് സംഘർഷമുണ്ടായത്. കെഎസ്‌യു അധ്യക്ഷൻ കെ.എം അഭിജിത്ത് നടത്തുന്ന നിരാഹാര സമരത്തിന്റെ വേദിയ്ക്ക് സമീപത്തേക്കും പൊലീസ് പ്രയോഗിച്ച കണ്ണീർവാതക ഷെല്ലുകളും ഗ്രനേഡുകളും തെറിച്ചു വീണു. ഇതേ തുടർന്ന് അസ്വസ്ഥത അനുഭവപ്പെട്ട അഭിജിത്ത് അടക്കമുള്ള നേതാക്കളെ ആശുപത്രിയിലേക്ക് മാറ്റി.

അതേസമയം സെക്രട്ടേറിയേറ്റ് പടിക്കൽ കെ.എസ്.യു നടത്തുന്ന അനിശ്ചിത കാല നിരാഹാര സമരം അവസാനിപ്പിച്ചു. കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്ത്, ജഷീർ പള്ളിവേൽ, നബീൽ കല്ലമ്പലം, ജോബിൻ സി.ജോയി തുടങ്ങിയവർ നടത്തുന്ന നിരാഹാരസമരം എട്ടാം ദിവസത്തിലാണ് അവസാനിപ്പിച്ചത്. കെ.എസ്.യുവിന്റെ സമരം യൂത്ത് കോൺഗ്രസ് ഏറ്റെടുക്കുന്നുവെന്ന് ഡീൻ കുര്യാക്കോസ് എംപി പറഞ്ഞു. സംസ്ഥാന വ്യാപകമായി സമരം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.