ബ്രണ്ണന്‍ കോളേജ് പ്രിൻസിപ്പാളിനെതിരെ വധഭീഷണി; പത്ത് എബിവിപി പ്രവർത്തകർക്കെതിരെ കേസെടുത്തു

single-img
22 July 2019

കണ്ണൂർ തലശേരി ബ്രണ്ണന്‍ കോളേജ് പ്രിൻസിപ്പാളിന് നേരെ വധഭീഷണി മുഴക്കിയെന്ന പരാതിയിൽ കോളേജിലെ പത്ത് എബിവിപി പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. തന്നെ എബിവിപി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്നെന്ന പ്രിൻസിപ്പൽ ഫൽഗുനന്‍റെ പരാതിയില്‍ ധര്‍മ്മടം പോലീസാണ് കേസെടുത്തത്.

ക്യാമ്പസിനുള്ളിൽ എബിവിപി യുടെ കൊടിമരം നാട്ടുന്നതുമായി ബന്ധപ്പെട്ട പ്രശ്‍നത്തിന്‍റെ പേരിലാണ് ഭീഷണിയെന്നാണ് പരാതി. എബിവിപി സ്ഥാപിച്ച കൊടിമരം എടുത്തുമാറ്റിയ സംഭവത്തില്‍ സംഘടനയുടെ പ്രവർത്തകർ തന്നെ ഭീഷണിപ്പെടുത്തുന്നതായി നേരത്തേ പ്രിന്‍സിപ്പള്‍ വ്യക്തമാക്കിയിരുന്നു.
തനിക്ക് എബിവിപി പ്രവർത്തകരിൽനിന്നും മരണഭയമുണ്ടെന്നും പോലീസ് സംരക്ഷണം തേടിയിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം പ്രിന്‍സിപ്പാള്‍ പറഞ്ഞിരുന്നു.

ക്യാംപസിൽ നിന്നും എബിവിപിയുടെ കൊടിമരം പ്രിന്‍സിപ്പാള്‍ നീക്കുന്നതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. കൊടിമരവുമായി ബന്ധപ്പെട്ട് ക്യാംപസില്‍ ഒരു ഏറ്റുമുട്ടലുണ്ടാക്കുമെന്ന ഘട്ടത്തിലാണ് കടുത്ത നടപടി സ്വീകരിച്ചതെന്ന് വീഡിയോ വൈറലായതിന് പിന്നാലെ പ്രിന്‍സിപ്പാള്‍ പ്രതികരിച്ചിരുന്നു.