വിശ്വാസവോട്ടെടുപ്പ് മാറ്റണമെന്ന് കുമാരസ്വാമി; നടക്കില്ലെന്ന് സ്പീക്കര്‍; പുതിയ തന്ത്രം • ഇ വാർത്ത | evartha
Breaking News

വിശ്വാസവോട്ടെടുപ്പ് മാറ്റണമെന്ന് കുമാരസ്വാമി; നടക്കില്ലെന്ന് സ്പീക്കര്‍; പുതിയ തന്ത്രം

രണ്ടു ദിവസത്തെ ഇടവേളയ്ക്കുശേഷം കര്‍ണാടകയില്‍ വിശ്വാസവോട്ടെടുപ്പിനുള്ള സഭാ സമ്മേളനം തുടങ്ങി. സര്‍ക്കാര്‍ വിശ്വാസവോട്ട് തേടുമോയെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. നിലവിലെ കണക്കനുസരിച്ച് കോണ്‍ഗ്രസ് ദള്‍ സഖ്യത്തിന് 100പേരുടെ പിന്തുണ മാത്രമാണുള്ളത്.

വിമതര്‍ ഉള്‍പ്പെടെ 17പേര്‍ വിട്ടുനിന്നാല്‍ സഭയുടെ അംഗബലം 207 ആയി കുറയും. വിശ്വാസവോട്ടിനാവശ്യമായ 104പേരുടെ പിന്തുണ സര്‍ക്കാരിന് ലഭിക്കില്ലെന്ന് ഉറപ്പ്. അതേസമയം രണ്ട് സ്വന്ത്രരുടെ പിന്തുണ ഉള്‍പ്പെടെ 107 പേര്‍ ബിജെപിക്കൊപ്പമുണ്ട്. അതിനാല്‍ സര്‍ക്കാരുണ്ടാക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി.

അതിനിടെ, വിശ്വാസ വോട്ടെടുപ്പ് നീട്ടാന്‍ സര്‍ക്കാരിന്റെ പുതിയ നീക്കം. ബുധനാഴ്ച വരെ വിശ്വാസ പ്രമേയ ചര്‍ച്ച നടത്തണമെന്ന് മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി സ്പീക്കര്‍ രമേശ് കുമാറിനോട് അഭ്യര്‍ഥിച്ചെങ്കിലും അദ്ദേഹം അതു സ്വീകരിച്ചില്ല.

വിശ്വാസപ്രമേയത്തിന്‍ മേലുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി തിങ്കളാഴ്ച വോട്ടെടുപ്പ് നടത്താമെന്ന് കുമാരസ്വാമി വെള്ളിയാഴ്ച സ്പീക്കര്‍ക്ക് ഉറപ്പു നല്‍കിയതാണ്. എന്നാല്‍ സര്‍ക്കാരിനെ രക്ഷിക്കുന്നതിന് വിമത എംഎല്‍എമാരെ ഒപ്പം ചേര്‍ക്കാനുള്ള കോണ്‍ഗ്രസ് ജനതാദള്‍ നേതൃത്വത്തിന്റെ ശ്രമം വിജയം കാണാത്തതിനെ തുടര്‍ന്നാണ് കുമാരസ്വാമി വോട്ടെടുപ്പ് മാറ്റണമെന്ന് ആവശ്യം ഉന്നയിച്ചതെന്നാണ് സൂചന.

അതേസമയം ഇന്ന് തന്നെ വോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംഎല്‍എമാര്‍ സ്പീക്കറെ കണ്ടിരുന്നു. എന്നാല്‍ സമയപരിധി നിശ്ചയിക്കണമെന്ന് ബിജെപിയുടെ ആവശ്യം സ്പീക്കര്‍ തള്ളി. അതിനിടെ വോട്ടെടുപ്പ് വൈകിപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് സ്പീക്കര്‍ സഭയില്‍ പറഞ്ഞു. അത് സഭയുടെയും എം.എല്‍.എമാരുടെയും സ്പീക്കറായ തന്റെയും പ്രതിച്ഛായയെ ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

വിശ്വാസ വോട്ടെടുപ്പില്‍ അടിയന്തരമായി ഇടപെടാനാകില്ലെന്ന് സുപ്രീംകോടതിയും ഇന്ന് ഉത്തരവിട്ടിരുന്നു. വിശ്വാസവോട്ടെടുപ്പ് സംബന്ധിച്ച് സ്പീക്കര്‍ക്ക് നിര്‍ദേശം നല്‍കാനാകില്ലെന്നും കോടതി വ്യക്തമാക്കി. വോട്ടെടുപ്പ് വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് വിമത പക്ഷത്തുള്ള സ്വതന്ത്ര എംഎല്‍എമാരായ ആര്‍. ശങ്കറും എച്ച്. നാഗേഷും നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ നടപടി.

നാളെ 11 മണിയോടെ രാജി നല്‍കിയ 10 എംഎല്‍എമാരോടും ഹാജരാകാന്‍ സ്പീക്കര്‍ കെ ആര്‍ രമേശ് കുമാര്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് അയോഗ്യരാക്കാന്‍ ശുപാര്‍ശ നല്‍കിയ എംഎല്‍എമാരോടാണ് ഹാജരാകാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അധികാരത്തില്‍ നിന്ന് താഴെപ്പോയാല്‍ രാജി വച്ച എംഎല്‍എമാരെ അയോഗ്യരാക്കാതെ പോകില്ലെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് കോണ്‍ഗ്രസ് ജെഡിഎസ് സഖ്യം. കൂറു മാറ്റ നിരോധന നിയമപ്രകാരമാണ് ഇവരെ അയോഗ്യരാക്കാന്‍ കോണ്‍ഗ്രസ് ശുപാര്‍ശ നല്‍കിയിരിക്കുന്നത്. ഇത് സ്പീക്കര്‍ അംഗീകരിച്ച് ഇവരെ അയോഗ്യരാക്കിയാല്‍ അടുത്ത ആറ് വര്‍ഷത്തേക്ക് ആര്‍ക്കും മത്സരിക്കാനാകില്ല.