കര്‍ണാടകയില്‍ ബി.ജെ.പി. സർക്കാർ രൂപവത്കരിക്കുന്നത് തടയാൻ നിര്‍ണായക നീക്കം: മുഖ്യമന്ത്രി സ്ഥാനത്തേക്ക് സിദ്ധരാമയ്യ • ഇ വാർത്ത | evartha
Latest News

കര്‍ണാടകയില്‍ ബി.ജെ.പി. സർക്കാർ രൂപവത്കരിക്കുന്നത് തടയാൻ നിര്‍ണായക നീക്കം: മുഖ്യമന്ത്രി സ്ഥാനത്തേക്ക് സിദ്ധരാമയ്യ

കർണാടകയിൽ എച്ച്.ഡി കുമാരസ്വാമി മന്ത്രിസഭ ഇന്ന് വിശ്വാസവോട്ട് തേടും. ഇന്ന് നിയമസഭയിലെത്തണമെന്ന് എംഎൽഎമാരോട് മുഖ്യമന്ത്രി കുമാരസ്വാമി അഭ്യർത്ഥിച്ചു. തനിക്ക് അധികാരത്തിൽ കടിച്ചു തൂങ്ങാൻ ആഗ്രഹമില്ല. ഇന്ന് സഭയിൽ എത്തി ബിജെപി എങ്ങനെയാണ്‌ കുതിരക്കച്ചവടം നടത്തുന്നത് എന്ന് വെളിപ്പെടുത്തണമെന്നാണ് കുമാരസ്വാമിയുടെ അഭ്യർത്ഥന. സർക്കാരിനെ രക്ഷിക്കാൻ എന്ത് വിട്ടുവീഴ്ചക്കും തയ്യാറെന്നും കുമാരസ്വാമി വ്യക്തമാക്കി.

അതേസമയം വിശ്വാസവോട്ടെടുപ്പ് നടക്കാനിരിക്കെ ഞായറാഴ്ചയും ബെംഗളുരുവിൽ തിരക്കിട്ട ചർച്ചകൾ തുടർന്നു. ബെംഗളൂരുവിൽ വിമതരെ അനുനയിപ്പിക്കാൻ അവസാനവട്ട ശ്രമങ്ങൾ നടക്കുമ്പോഴും വഴങ്ങുന്നില്ലെന്ന നിലപാടിലാണ് വിമതരിപ്പോഴുമുള്ളതെന്ന സൂചനകളാണ് കിട്ടുന്നത്. അപ്പോഴും, സിദ്ധരാമയ്യയുടെ വീട് കേന്ദ്രീകരിച്ച് അവസാനവട്ട ശ്രമങ്ങൾ നടന്നു. ജെഡിഎസ് മന്ത്രിമാരായ ജി ടി ദേവഗൗഡ, താരാമഹേഷ് എന്നിവർ ഞായറാഴ്ച വൈകിട്ട് സിദ്ധരാമയ്യയുമായി കൂടിക്കാഴ്ച നടത്തി.

ശ്രദ്ധേയമായ കാര്യം, ജി ടി ദേവഗൗഡ, നിയമസഭാ തെരഞ്ഞെടുപ്പിൽ ചാമുണ്ഡേശ്വരി മണ്ഡലത്തിൽ നിന്ന് സിദ്ധരാമയ്യയെ തോൽപ്പിച്ചയാളാണ് എന്നതാണ്. തെരഞ്ഞെടുപ്പിൽ പരസ്പരം ഏറ്റുമുട്ടിയ ശേഷം സഖ്യസർക്കാരുണ്ടാക്കിയപ്പോൾ പോലും സിദ്ധരാമയ്യയെ വന്ന് കാണാൻ തയ്യാറാകാതിരുന്ന ജെഡിഎസ് നേതാവാണ് ജി ടി ദേവഗൗഡ.

ദേവഗൗഡയും, താരാമഹേഷും സിദ്ധരാമയ്യയുമായി കൂടിക്കാഴ്ച നടത്തുമ്പോൾ, വീണ്ടും നിർണായകമായ ചില നീക്കങ്ങളെങ്കിലും ബെംഗളുരുവിൽ നടക്കുന്നുവെന്ന സൂചനകളാണ് വരുന്നത്. വിശ്വാസവോട്ട് നേടാനായില്ലെങ്കിൽ എച്ച്.ഡി. കുമാരസ്വാമി രാജിവെക്കുകയും പകരം സിദ്ധരാമയ്യയെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കാനുമാണ് ആലോചന. ഇതിന് ജനതാദൾ എസ്. നേതൃത്വം തയ്യാറായിട്ടുണ്ടെന്നാണ് വിവരം.

വിശ്വാസവോട്ട് കഴിഞ്ഞാൽ ബെംഗളൂരുവിലേക്ക് തിരിക്കുമെന്ന് മുംബൈയിലുള്ള വിമതർ അറിയിച്ചിട്ടുണ്ട്. സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കണമെന്ന് വിമതർ നേരത്തേ ആവശ്യപ്പെട്ടതാണ്. കോൺഗ്രസിൽനിന്ന് രാജിവെച്ചവരിൽ ഭൂരിപക്ഷവും സിദ്ധരാമയ്യ അനുയായികളാണ്. ഇതാണ് ഇത്തരമൊരു നീക്കത്തിനുപിന്നിൽ. ഇതിന് വിമതർ സമ്മതിച്ചാൽ അയോഗ്യരാക്കാനുള്ള നീക്കം ഉപേക്ഷിക്കും. ബി.ജെ.പി. സർക്കാർ രൂപവത്കരിക്കുന്നത് തടയാനും കഴിയും.

മുഖ്യമന്ത്രി സ്ഥാനം വിട്ടുതരാൻ ജെ.ഡി.എസ്. തയ്യാാറായിട്ടുണ്ടെന്ന് കോൺഗ്രസ് നേതാവും മന്ത്രിയുമായ ഡി.കെ. ശിവകുമാർ പറഞ്ഞു. ഇക്കാര്യം ജെ.ഡി.എസ്. നേതാവ് എച്ച്.ഡി. ദേവഗൗഡ കോൺഗ്രസ് ഹൈക്കമാൻഡുമായി സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസിൽനിന്ന് സിദ്ധരാമയ്യ, ജി. പരമേശ്വര, ഡി.കെ. ശിവകുമാർ എന്നിവരിൽ ആരെങ്കിലും മുഖ്യമന്ത്രിയാകുന്നതിനെ എതിർക്കില്ലെന്നാണ് ദേവഗൗഡ ഹൈക്കമാൻഡിനെ അറിയിച്ചത്. തിങ്കളാഴ്ച എന്ത് സംഭവിച്ചാലും സഖ്യസർക്കാർ നിലനിൽക്കുമെന്നും ശിവകുമാർ പറഞ്ഞു.