കിഡ്‌നിയൊന്നും ചോദിച്ചില്ലല്ലോ അവധിയല്ലേ ചോദിച്ചത്?; വെട്ടിലായി കളക്ടര്‍മാര്‍

single-img
22 July 2019

സംസ്ഥാനത്തെങ്ങും മഴ കനത്തതോടെ വെട്ടിലായത് ജില്ല കളക്ടര്‍മാരാണ്. നാളെ സ്‌കൂള്‍ അവധിയുണ്ടോ ? എന്നന്വേഷിച്ച് നൂറുകണക്കിന് ഫോണ്‍ വിളികളാണ് കളക്ടറേറ്റുകളിലേക്കും ഇന്‍ഫര്‍മേഷന്‍ ഓഫീസുകളിലേക്കുമെത്തുന്നത്. ഇതിനുപുറമെ ചിലര്‍ വ്യാജ പ്രചരണങ്ങളും നടത്തി.

അവധി പ്രഖ്യാപിച്ചതായി കളക്ടറുടെ അറിയിപ്പ് തന്നെ ഉണ്ടാക്കി വാട്‌സാപ്പില്‍ പ്രചരിപ്പിക്കുകയാണ് ഇവര്‍ ചെയ്തത്. വ്യാജ പ്രചാരണം തകൃതിയായതോടെ പല ജില്ലകളിലെയും കളക്ടര്‍മാര്‍ക്ക് ‘നാളെ അവധി ഇല്ല’ എന്ന് കാണിച്ച് പോസ്റ്റിടേണ്ടി വന്നു. അവധി സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകള്‍ മാത്രമേ വിശ്വസിക്കാവൂ എന്നും മുന്നറിയിപ്പ് നല്‍കി.

ഞായറാഴ്ച തന്റെ പേരില്‍ അവധി പ്രഖ്യാപിച്ച സന്ദേശം പ്രചരിക്കുന്നതു കണ്ട് പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.ബി.നൂഹ് ഞെട്ടി. ഇത് എന്റെ സന്ദേശമല്ല. ഞാനറിഞ്ഞിട്ടേയില്ലെന്നും അവധിയില്ലെന്നും പറഞ്ഞ് ഫെയ്‌സ്ബുക്കില്‍ കളക്ടറുടെ ഔദ്യോഗിക പേജില്‍ തന്നെ പോസ്റ്റിട്ടു.

പിന്നാലെ വന്ന കമന്റുകളാണ് അതിലും രസമായത്. സര്‍ അവധി തന്നില്ലെങ്കില്‍ സാധാരണ ഒരു ദിവസം പോലെ കടന്നുപോകും. പക്ഷേ അവധി തന്നാല്‍ അത് ചരിത്രമാകും. മഴയത്ത് നനഞ്ഞാണു പോകുന്നതെന്നും അടിവസ്ത്രം വരെ നനഞ്ഞ് ക്ലാസില്‍ പോയ ഇരിക്കേണ്ടിവരുമെന്നും ചിലര്‍ പറഞ്ഞു.

കിഡ്‌നിയൊന്നും ചോദിച്ചില്ലല്ലോ അവധിയല്ലേ ചോദിച്ചുള്ളു അതിങ്ങ് തന്നേക്ക്. ജീവിക്കാനുള്ള കൊതികൊണ്ട് ചോദിക്കുവാ, ഒരു അവധി തന്നൂടെ സര്‍. പനി പിടിച്ചാല്‍ കളക്ടറാകും ഉത്തരവാദി എന്നുവരെയുണ്ട് കമന്റുകള്‍. കമന്റുകള്‍ നൂറുകണക്കിനായപ്പോള്‍ മറ്റൊരാളുടെ രസികന്‍ കമന്റ്: ഒരു അവധി തന്നിരുന്നേല്‍ ഇത്രയും കമന്റ് കാണേണ്ട കാര്യമുണ്ടായിരുന്നോ?!