ഇന്ത്യയ്ക്കിത് അഭിമാന നിമിഷം; ചന്ദ്രയാന്‍-2 കുതിച്ചുയര്‍ന്നു • ഇ വാർത്ത | evartha
Breaking News

ഇന്ത്യയ്ക്കിത് അഭിമാന നിമിഷം; ചന്ദ്രയാന്‍-2 കുതിച്ചുയര്‍ന്നു

രാജ്യത്തിന്റെ അഭിമാനമായ ചന്ദ്രയാൻ രണ്ട് കുതിച്ചുയർന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.43-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്നാണ് ചന്ദ്രയാൻ രണ്ടിന്റെ വിക്ഷേപണം നടന്നത്. സാങ്കേതിക തകരാറുകളെല്ലാം പരിഹരിച്ച് ചന്ദ്രയാന്‍ 2 കുതിച്ചുയരുകയായിരുന്നു. വിക്ഷേപണത്തിന് മുന്നോടിയായുള്ള 20 മണിക്കൂര്‍ നീണ്ട കൌണ്ട്ഡൌണ്‍ ഇന്നലെ വൈകിട്ട് 6.43ന് ആരംഭിച്ചിരുന്നു. കൌണ്ട്ഡൌണിന് പിന്നാലെ റോക്കറ്റില്‍ ഇന്ധനം നിറക്കുന്ന ജോലിയും ആരംഭിച്ചു. സാങ്കേതിക പ്രശ്നങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്തി റിഹേഴ്സല്‍ ലോഞ്ചും നടന്നിരുന്നു.

വിക്ഷേപണം കാണാനെത്തിയിരുന്നത് 7500–ഓളം പേർ. പൊതുജനങ്ങൾക്ക് ഓൺലൈൻ റജിസ്ട്രേഷൻ വഴി വിക്ഷേപണം കാണാനുള്ള അവസരമുണ്ടായിരുന്നു. എന്നാൽ റജിസ്ട്രേഷൻ ആരംഭിച്ച് രണ്ടു മണിക്കൂറിനകം ഗാലറിയിൽ ഉൾക്കൊള്ളാവുന്ന 7500 പേരും തികഞ്ഞതോടെ നിർത്തിവച്ചു.

നേരത്തെ ചന്ദ്രയാൻ രണ്ടിന്റെ ആദ്യം നിശ്ചയിച്ചിരുന്ന വിക്ഷേപണം അവസാനനിമിഷം മാറ്റിവച്ചിരുന്നു. ജൂലായ് 15 പുലർച്ചെ 2.51-ന് നിശ്ചയിച്ചിരുന്ന വിക്ഷേപണമാണ് സാങ്കേതികത്തകരാർ കാരണം അവസാനനിമിഷം മാറ്റിവച്ചത്. വിക്ഷേപണത്തിന് 56 മിനിറ്റും 24 സെക്കൻഡും ബാക്കിനിൽക്കെയായിരുന്നു അപ്രതീക്ഷിതമായി വിക്ഷേപണം മാറ്റിയത്. എന്നാൽ ഇത്തവണ നേരത്തെ കണ്ടെത്തിയിരുന്ന സാങ്കേതികതകരാറുകൾ പൂർണമായും പരിഹരിച്ചതിനുശേഷമാണ് വിക്ഷേപണം തീരുമാനിച്ചത്.

ഇതുവരെ ഒരു ഉപഗ്രഹവും ചെന്നെത്തിയിട്ടില്ലാത്ത ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിലാണ് ചന്ദ്രയാന്‍ രണ്ടിന്‍റെ പര്യവേഷണം. ചന്ദ്രനെ ചുറ്റുന്ന ഓര്‍ബിറ്ററും ചന്ദ്രോപരിതലത്തില്‍ പഠനം നടത്തുന്ന പ്രഗ്യാന്‍ എന്ന റോവറും റോവറിനെ ചന്ദ്രനിലിറക്കുന്ന വിക്രം എന്ന ലാന്‍ഡറും അടങ്ങുന്നതാണ് ചന്ദ്രയാന്‍ രണ്ട്. വിക്ഷേപണം വൈകിയെങ്കിലും നേരത്തെ തീരുമാനിച്ചത് പ്രകാരം സെപ്റ്റംബര്‍ ഏഴിന് തന്നെ പേടകം ചന്ദ്രോപരിതലത്തില്‍ എത്തുന്ന രീതിയില്‍ ദൌത്യത്തിന്റെ സമയക്രമം പുനക്രമീകരിച്ചിട്ടുണ്ട്.