സെക്രട്ടറിയേറ്റ് പരിസരം സംഘര്‍ഷഭൂമിയാക്കി പ്രതിഷേധം; 100ൽ അധികം കെഎസ്‍യു - യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസ് • ഇ വാർത്ത | evartha
Breaking News, Kerala

സെക്രട്ടറിയേറ്റ് പരിസരം സംഘര്‍ഷഭൂമിയാക്കി പ്രതിഷേധം; 100ൽ അധികം കെഎസ്‍യു – യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസ്

തലസ്ഥാന നഗരിയെ യുദ്ധക്കളമാക്കി സെക്രട്ടറിയേറ്റും പരിസരവുംനിറഞ്ഞാടിയ പ്രതിഷേധം നടത്തിയ കെഎസ്‍യു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തു. സംഘർഷത്തിൽ പങ്കെടുത്ത15 കെഎസ്‍യു – യൂത്ത് കോൺഗ്രസ് പ്രവർത്തകരും കണ്ടാലറിയാവുന്ന 100 ല്‍ അധികം പ്രവര്‍ത്തകര്‍ക്കുമെതിരെയാണ് പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിനിടെ പോലീസുമായുണ്ടായ സംഘര്‍ഷത്തില്‍ കെഎസ്‍യു – യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും ഫോർട്ട് അസിസ്റ്റന്‍റ കമ്മീഷണർ അടക്കം മൂന്ന് പോലീസുദ്യോഗസ്ഥർക്കും സാരമായ പരിക്കേറ്റിരുന്നു. അതിൽ കല്ലേറിലാണ് രണ്ട് പോലീസുകാർക്ക് പരിക്കേറ്റത്.18 വർഷങ്ങൾക്ക് ശേഷം യൂണിവേഴ്‍സിറ്റി കോളേജില്‍ കെഎസ്‍യു യൂണിറ്റ് രൂപികരിച്ചതിന് പിന്നാലെ യൂണിറ്റംഗങ്ങളേയും കൂട്ടി മാർച്ചായി കെഎസ്‍യു- യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോളേജിന് മുൻവശത്തേക്ക് ചെന്നത് പൊലീസ് തടഞ്ഞതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം.

യൂണിറ്റംഗങ്ങളെ മാത്രം കോളേജിന്റെ അകത്തേക്ക് കയറ്റി ബാക്കിയുള്ളവരെ പുറത്ത് തന്നെ നിര്‍ത്തുകയായിരുന്നു. അതിന്റെ പിന്നാലെയാണ്, സെക്രട്ടേറിയറ്റിലേക്ക് യൂത്ത് കോൺഗ്രസും കെഎസ്‍യുവും പ്രതിഷേധ മാർച്ച് നടത്തിയത്.