എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് കോടിയേരി ഹൈക്കോടതിയില്‍: ഇന്ന് രക്തസാംപിള്‍ നല്‍കണം

single-img
22 July 2019

തനിക്കെതിരായ ലൈംഗിക പീഡനപരാതിക്കെതിരെ ബിനോയ് കോടിയേരി മുംബൈ ഹൈക്കോടതിയെ സമീപിച്ചു. യുവതിയുടെ പരാതിയിൽ മുംബൈ പൊലീസെടുത്ത പരാതി റദ്ദാക്കണമെന്നാണ് ആവശ്യം. ഹർജി ഹൈക്കോടതി ബുധനാഴ്ച പരിഗണിക്കും.

കഴിഞ്ഞ ബുധനാഴ്ചയാണ് എഫ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് കോടിയേരി ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ ബിനോയ് കോടിയേരിക്ക് മുൻകൂർ ജാമ്യം അനുവദിക്കവെ യുവതിയുടെ മൊഴിയിലെ വൈരുദ്ധ്യവും യുവതി പരാതി നൽകാനുണ്ടായ കാലതാമസവും സെഷൻസ് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് കോടിയേരി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

കേസിൽ ജാമ്യത്തിലുള്ള ബിനോയ് കോടിയേരി ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകാനിരിക്കുകയാണ്. ഒരു മാസത്തേക്ക് എല്ലാ തിങ്കളാഴ്ചയും പൊലീസ് സ്റ്റേഷനിലെത്തണമെന്ന് നിർദേശമുണ്ടായിരുന്നു. അവർ ആവശ്യപ്പെട്ടാൽ ഡിഎൻഎ പരിശോധനയ്ക്കായി രക്തസാംപിൾ നൽകണമെന്നും നിർദേശിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇതിൽനിന്ന് ബിനോയ് പിന്മാറി.

തുടർന്ന് ഇന്ന് തീർച്ചയായും രക്തസാംപിൾ നൽകണമെന്ന് മുംബൈ പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ബിനോയ് ഹൈക്കോടതിയെ സമീപിച്ചത്. വിവാഹ വാഗ്ദാനം നൽകി ഒന്‍പതു വർഷം തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്തെന്നാണ് ബിഹാർ സ്വദേശിയായ യുവതി മുംബൈ പൊലീസിൽ പരാതി നൽകിയത്. ബന്ധത്തിൽ എട്ടുവയസ്സുള്ള കുട്ടിയുണ്ടെന്നും പരാതിയിൽ പറയുന്നു.