Breaking News

ആലപ്പുഴയില്‍ വീട്ടമ്മയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി

ആലപ്പുഴ തുമ്പോളിയില്‍ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി. തയ്യില്‍ വീട്ടില്‍ മറിയാമ്മയെ ആണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. മറിയാമ്മയുടെ തലക്ക് പിന്നില്‍ പരിക്കുണ്ട്. കൂടാതെ നായ്ക്കള്‍ കടിച്ചതിന്റെ ചെറിയ മുറിവുകളും ശരീരത്തിലുണ്ട്.

തുമ്പോളിയിലെ വീട്ടില്‍ ഒറ്റക്കാണ് മറിയാമ്മ താമസിക്കുന്നത്. രാവിലെ പത്രം വിതരണം ചെയ്യാനെത്തിയ ആളാണ് മറിയാമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാളാണ് പൊലീസില്‍ വിവരമറിയിച്ചത്. നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കാനായി വീടിന് പുറത്തിറങ്ങിയപ്പോള്‍ ദേഹാസ്വാസ്ഥ്യം ഉണ്ടായതാകാമെന്നാണ് പൊലീസ് നിഗമനം.

കൊലപാതകം അടക്കം മറ്റ് കാരണങ്ങളും പൊലീസ് തള്ളികളയുന്നില്ല. പൊലീസ് നായ, വിരലടയാള വിദഗ്ധര്‍, ഫോറന്‍സിക് വിദഗ്ധര്‍ അടക്കമുള്ള അന്വേഷണ സംഘം സ്ഥലത്ത് പരിശോധന നടത്തി. എഴുപത് വയസുള്ള മറിയാമ്മയുടെ ഭര്‍ത്താവ് നേരത്തെ മരിച്ചിരുന്നു. വീട്ടില്‍ ഒറ്റയ്ക്കാണ് താമസം.