സൗദിയിലേക്ക് അമേരിക്ക കൂടുതല്‍ സൈന്യത്തെ അയയ്ക്കുന്നു • ഇ വാർത്ത | evartha
gulf

സൗദിയിലേക്ക് അമേരിക്ക കൂടുതല്‍ സൈന്യത്തെ അയയ്ക്കുന്നു

ഇറാനുമായുള്ള തര്‍ക്കവുമായി ബന്ധപ്പെട്ട് ഗള്‍ഫ് മേഖലയില്‍ സംഘര്‍ഷം ഉരുണ്ടുകൂടവേ സൗദി അറേബ്യയില്‍ സൈനികരെയും മറ്റു സന്നാഹങ്ങളും വിന്യസിക്കാനുള്ള തീരുമാനവുമായി അമേരിക്ക. മേഖലയില്‍ നിന്ന് നേരിടുന്ന അടിയന്തര ഭീഷണിയെ തുരത്തുന്നതിന്റെ ഭാഗമായാണ് സൈനിക വിന്യാസമെന്ന് പെന്റഗണ്‍ പ്രസ്താവനയില്‍ അറിയിച്ചു.

മേഖലയിലെ സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിന് അമേരിക്കന്‍ സൈന്യത്തിന് താവളമൊരുക്കുമെന്ന് സൗദി അറേബ്യന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയതിന് പിന്നാലെയാണ് പെന്റഗണിന്റെ പ്രസ്താവന. 500 അമേരിക്കന്‍ സൈനികരെയാണ് സൗദിയില്‍ വിന്യസിക്കുക എന്നാണ് അറിയുന്നത്.

മിഡില്‍ ഈസ്റ്റിലെ യുഎസ് സൈനിക സാന്നിധ്യം വര്‍ധിപ്പിക്കാനുള്ള പെന്റഗണ്‍ തീരുമാനത്തിന്റെ ഭാഗമാണിത്. ഹോര്‍മുസ് കടലിടുക്കില്‍ വ്യോമ നിരീക്ഷണത്തിനും അമേരിക്ക തീരുമാനിച്ചിട്ടുണ്ട്. എണ്ണക്കടത്ത് സുരക്ഷിതമാക്കുന്നതിന് ബഹുരാഷ്ട്ര സംവിധാനം ഒരുക്കുമെന്നും അമേരിക്ക അറിയിച്ചു. യുദ്ധക്കപ്പലുകളും പാട്രിയട്ട് മിസൈല്‍ പ്രതിരോധ ബാറ്ററികളും അമേരിക്ക മേഖലയിലേക്ക് അയക്കുന്നുണ്ട്.

1991ല്‍ ഗള്‍ഫ് യുദ്ധസമയത്താണ് സൗദി അറേബ്യയില്‍ അമേരിക്കന്‍ സൈനിക സാന്നിധ്യം ആരംഭിച്ചത്. അത് 12 വര്‍ഷം നീണ്ടു നിന്നിരുന്നു. 2003ല്‍ അമേരിക്കന്‍ സൈന്യം പിന്‍വാങ്ങുന്നതുവരെ റിയാദില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെയുള്ള പ്രിന്‍സ് സുല്‍ത്താന്‍ വ്യോമതാവളത്തിലാണ് അമേരിക്കന്‍ സൈനിക വിമാനങ്ങള്‍ തങ്ങിയിരുന്നത്.

അതേസമയം, വ്യാഴാഴ്ച ഹോര്‍മുസ് കടലിടുക്കിന്റെ പ്രവേശനമേഖലയില്‍ തങ്ങളുടെ സൈനികക്കപ്പലിന് ഭീഷണിയുയര്‍ത്തിയ ഇറാന്റെ ഡ്രോണ്‍ തകര്‍ത്തതായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടിരുന്നു. ഇറാന്റെ പ്രകോപനത്തിന് മറുപടി നല്‍കുകയായിരുന്നെന്നാണ് ട്രംപ് പറഞ്ഞത്.

യു.എസിന്റെ യു.എസ്.എസ്.ബോക്‌സര്‍ എന്ന യുദ്ധക്കപ്പലാണ് ഇറാന്റെ ഡ്രോണ്‍ തകര്‍ത്തതെന്ന് പെന്റഗണ്‍ വക്താവ് ജൊനാഥന്‍ ഹോഫ്മാനും പറഞ്ഞു. എന്നാല്‍, യു.എസിന്റെ പ്രസ്താവന അടിസ്ഥാനരഹിതമാണെന്നും തങ്ങള്‍ക്ക് ഡ്രോണ്‍ നഷ്ടമായിട്ടില്ലെന്നും ഇറാന്‍ പറഞ്ഞു.

ജൂണില്‍ ഹോര്‍മുസ് കടലിടുക്കില്‍ യു.എസിന്റെ നിരീക്ഷണവിമാനം ഇറാന്‍ വെടിവെച്ചിട്ടിരുന്നു. തുടര്‍ന്ന് ഇറാനെ ആക്രമിക്കാന്‍ ട്രംപ് ഉത്തരവിട്ടെങ്കിലും അവസാനനിമിഷം പിന്മാറുകയായിരുന്നു.