ചെറിയ കാറൊന്നും പോരാ, 14 ലക്ഷത്തിന്റെ കാര്‍ തന്നെ വേണം; ഇല്ലായ്മയുടെയും പരാധീനതകളുടെയും കഥകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് വിജയം നേടിയ രമ്യ വന്നവഴി മറന്നോ ?; പ്രചരണത്തിന് പ്രവാസികള്‍ അടക്കം നല്‍കിയ ഫണ്ടിലും തിരിമറി ?

single-img
21 July 2019

ആലത്തൂര്‍ എംപി രമ്യ ഹരിദാസിന് കാര്‍ വാങ്ങാനെന്ന പേരില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന പണപ്പിരിവ് വന്‍ വിവാദമായിരിക്കുകയാണ്. പ്രളയക്കെടുതിയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് കെപിസിസി പ്രഖ്യാപിച്ച ആയിരം വീട് പദ്ധതിയില്‍ ഒരു വീട് പോലും നിര്‍മ്മിച്ച് നല്‍കാന്‍ തയ്യാറാകാതിരുന്ന യൂത്ത്‌കോണ്‍ഗ്രസ് ആലത്തൂര്‍ പാര്‍ലമെന്റ് മണ്ഡലം ഭാരവാഹികള്‍ 14 ലക്ഷത്തിന്റെ കാര്‍ വാങ്ങിനല്‍കാന്‍ ഇറങ്ങിയതാണ് വിവാദത്തിന് ആക്കംകൂട്ടിയത്.

‘ആലത്തൂര്‍ എംപി കുമാരി രമ്യ ഹരിദാസിന് വാഹനം വാങ്ങാനുള്ള സംഭാവന രശീതി’ എന്ന് അച്ചടിച്ച കൂപ്പണില്‍ യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് പാളയം പ്രദീപാണ് ഒപ്പിട്ടിരിക്കുന്നത്. ആയിരംരൂപയുടെ കൂപ്പണ്‍ അച്ചടിച്ച് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികള്‍ മുഖേനയാണ് പണപ്പിരിവ്. 25നകം പണം നല്‍കാനാണ് നിര്‍ദേശം. ഓരോ മണ്ഡലം കമ്മിറ്റിക്കും രണ്ട് ലക്ഷംരൂപ വീതമാണ് ക്വാട്ട.

നേതാക്കള്‍ക്ക് അഴിമതി നടത്താനുള്ള ഉപാധിയാണ് വാഹനക്കൂപ്പണെന്നും എത്ര കൂപ്പണ്‍ അച്ചടിച്ചുവെന്നത് മറച്ചുവച്ചിട്ടുണ്ടെന്നും പരക്കെ ആക്ഷേപമുണ്ട്. ഇല്ലായ്മയുടെയും പരാധീനതകളുടെയും കഥകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പില്‍ വിജയം കണ്ട എംപിയ്ക്ക് 14 ലക്ഷത്തിന്റെ മഹീന്ദ്ര മറാസോ തന്നെ വേണമെന്ന വാശി ആരുടേതാണെന്നാണ് ചില യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ചോദിക്കുന്നത്.

നാട്ടിലെ കൊള്ളാവുന്ന സാമ്പത്തിക ചുറ്റുപാടുള്ള കുടുംബങ്ങളില്‍ നിന്ന് വന്ന എംഎല്‍എമാര്‍ സഞ്ചരിക്കുന്നത് മാരുതി സ്വിഫ്റ്റ് കാറിലാണെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. ആലത്തൂര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങാന്‍ 100 യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലും കിട്ടിയിരുന്നില്ല, പിന്നെ എങ്ങനെയാണ് ആയിരത്തി അഞ്ഞൂറ് യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആയിരം രൂപാ വീതം സംഭാവന നല്‍കുക എന്നും ഒരു വിഭാഗം നേതാക്കള്‍ ചോദിക്കുന്നു.

അതേസമയം, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രമ്യയ്ക്ക് ലഭിച്ച പണത്തിലും തിരിമറി നടന്നതായാണ് ചില നേതാക്കള്‍ ആരോപിക്കുന്നത്. രമ്യയുടെ ജീവിത സാഹചര്യം അറിഞ്ഞ് സ്വദേശത്തും വിദേശത്തുമുള്ള ആയിരക്കണക്കിനാളുകളാണ് തെരഞ്ഞെടുപ്പ് സമയത്ത് സഹായിച്ചത്. സംഭാവന നല്‍കിയ പ്രവാസികള്‍ ഉള്‍പ്പെടെ കെപിസിസി നേതാക്കളോട് പറഞ്ഞ വിവരങ്ങള്‍ പ്രകാരം ലക്ഷക്കണക്കിന് രൂപയാണ് വിവിധ അക്കൗണ്ടുകള്‍ വഴി രമ്യയുടെ തെരഞ്ഞെടുപ്പ് ഫണ്ടിലേയ്ക്ക് വന്നത്.

വിവിധ നേതാക്കള്‍ വഴി വിവിധ അക്കൗണ്ടുകളിലേയ്ക്കായിരുന്നു ഈ ഫണ്ട് എത്തിയത്. ഈ ഫണ്ടില്‍ ഇലക്ഷന്‍ ചിലവ് കഴിഞ്ഞ് മിച്ചം വന്ന പണം ഉപയോഗിച്ചാണ് എംപിയ്ക്ക് കാര്‍ വാങ്ങി നല്‍കുന്നതെന്നാണ് കോണ്‍ഗ്രസില്‍ തന്നെ ഒരു വിഭാഗം ആരോപിക്കുന്നത്. ആ പണത്തിനു ഉറവിടം കാണിച്ചുകൊടുക്കാനാണ് 1500 യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ‘ആയിരം രൂപയുടെ പിരിവെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

എംപിയെന്ന നിലയില്‍ പ്രതിമാസം 1.90 ലക്ഷംരൂപ ശമ്പളവും അലവന്‍സും ലഭിക്കുമ്പോള്‍ പണം പിരിച്ച് വാഹനം വാങ്ങുന്നതിനെ സോഷ്യല്‍ മീഡിയയും ചോദ്യം ചെയ്യുന്നുണ്ട്. എംപിയെന്ന നിലയില്‍ സെക്രട്ടറി, സ്റ്റാഫ്, ഓഫീസ് അലവന്‍സ് എന്നിവ വേറെയുമുണ്ട്. വിമാന, ട്രെയിന്‍യാത്ര സൗജന്യമാണ്. പാര്‍ലമെന്റ് കൂടുമ്പോള്‍ ബത്തയും ലഭിക്കും. എംപിക്ക് അപേക്ഷിച്ചാലുടന്‍ ഈടില്ലാതെ ദേശസാല്‍ക്കൃത ബാങ്കുകള്‍ വാഹനവായ്പ നല്‍കാന്‍ നിര്‍ദേശമുണ്ട്. ഈ സൗകര്യമുണ്ടായിട്ടും നാട്ടുകാരില്‍നിന്ന് പണം പിരിച്ച് വാഹനം വാങ്ങുന്നത് എന്തിനാണെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

എന്നാല്‍ രമ്യ ഹരിദാസിനു ബാങ്കില്‍ നിന്നു വായ്പ ലഭിക്കാന്‍ സാധ്യത ഇല്ലാത്തതിനാലാണ് സംഘടനക്കുള്ളില്‍ പിരിവ് നടത്തിയതെന്ന് അനില്‍ അക്കര എംഎല്‍എ പറഞ്ഞു. തിരഞ്ഞെടുപ്പിന് മുന്‍പ് രമ്യ ഹരിദാസിന് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 7 ലക്ഷത്തിന്റെ റവന്യു റിക്കവറി നിലനിന്നിരുന്നു. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുന്‍പു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഈ പണം സ്വരൂപിച്ച് ബാങ്ക് ലോണ്‍ തിരിച്ചടച്ചത്. റവന്യു റിക്കവറി നിലനിന്ന വ്യക്തിക്ക് ബാങ്ക് ലോണ്‍ ലഭിക്കാന്‍ പ്രയാസമാണെന്ന് എംഎല്‍എ പറയുന്നു.

മഹീന്ദ്ര മറാസോയുടെ അടിസ്ഥാന മോഡലാണ് എംപിക്ക് വേണ്ടി ബുക്ക് ചെയ്തത്. ഇതിനായി അന്‍പതിനായിരം രൂപ നല്‍കിയത് ഒരു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ രണ്ടു മാസത്തെ ശമ്പളമാണെന്ന് അനില്‍ അക്കര വ്യക്തമാക്കി. ശമ്പളവും ആനുകൂല്യങ്ങളുമായി ലഭിക്കുന്ന പണത്തിന്റെ മുക്കാല്‍ ഭാഗവും ആലത്തൂരിലെയും ഡല്‍ഹിയിലെയും ഓഫിസ് ചെലവുകള്‍ക്കായി മാറ്റി വയ്‌ക്കേണ്ടി വരും.

ഈ സാചര്യത്തില്‍ ലോണ്‍ ലഭിച്ചാലും ഇതിന്റെ തിരിച്ചടവ് പ്രയാസമാണ്. പട്ടിക ജാതി വിഭാഗത്തില്‍ നിന്ന് ഒരു പെണ്‍കുട്ടി കോണ്‍ഗ്രസില്‍ വളര്‍ന്ന് വരുന്നതിലുള്ള എതിര്‍പ്പാണ് രമ്യക്ക് നേരെ നടക്കുന്ന സൈബര്‍ ആക്രമണമെന്നും എംഎല്‍എ പറഞ്ഞു. അതേസമയം, എംപിക്കു കാര്‍ വാങ്ങാന്‍ പിരിവു നടത്തിയതിനെതിരെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്തെത്തി. രമ്യയ്ക്കു കാര്‍ വാങ്ങാന്‍ വായ്പ ലഭിക്കുമെന്നു മുല്ലപ്പള്ളി പറഞ്ഞു.

എന്നാല്‍ പിരിവില്‍ തെറ്റൊന്നുമില്ലെന്നാണ് രമ്യ ഹരിദാസ് പറഞ്ഞത്. ഇപ്പോഴും യൂത്ത് കോണ്‍ഗ്രസ് അംഗമായ തനിക്ക് യൂത്ത് കോണ്‍ഗ്രസ് അത്തരത്തിലൊരു സമ്മാനം നല്‍കുന്നതില്‍ സന്തോഷം മാത്രമാണെന്നും രമ്യ പറഞ്ഞു. കാര്‍ വാങ്ങുന്നതിന് യൂത്ത് കോണ്‍ഗ്രസിനുള്ളില്‍ തന്നെയാണ് പിരിവ് നടത്തുന്നതെന്നും പുറത്താരില്‍ നിന്നും പിരിവ് വാങ്ങുന്നില്ലെന്നും രമ്യ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസിന് അതിന് കപ്പാസിറ്റി ഉണ്ടെന്നാണ് ഇത് തെളിയിക്കുന്നതെന്നും അതില്‍ അഭിമാനം മാത്രമാണുള്ളതെന്നും രമ്യ വ്യക്തമാക്കി.

ഒന്നുമില്ലാതെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനെത്തിയ തനിക്ക് കെട്ടിവയ്ക്കാനുള്ള കാശ് നല്‍കിയതും യൂത്ത് കോണ്‍ഗ്രസാണെന്നും മത്സരിപ്പിച്ച് വിജയിപ്പിച്ച് അവര്‍ തന്നെ എംപിയാക്കിയിരിക്കുകയാണെന്നും രമ്യ പറഞ്ഞു. തെരഞ്ഞെടുപ്പ് സമയത്ത് ഒരുപാട്‌പേര്‍ തന്നെ സഹായിച്ചിട്ടുണ്ട്. അതേസമയം തെരഞ്ഞെടുപ്പ് ചെലവ് മറികടക്കാനാണ് ഇപ്പോള്‍ ഇങ്ങനെയൊരു പിരിവ് നടത്തുന്നതെന്ന് ആരോപണം രമ്യ തള്ളി. അതെല്ലാം സുതാര്യമാണെന്നാണ് രമ്യയുടെ മറുപടി.

അപ്രതീക്ഷിതമായാണ് രമ്യ ഹരിദാസ് എന്ന പേര് ലോക്‌സഭാ തിരഞ്ഞെടുപ്പ് ചര്‍ച്ചകളിലേക്ക് നടന്നു കയറിയത്. ആലത്തൂര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി രമ്യ വിജയിച്ചപ്പോള്‍ ഇത് അവരുടെ പ്രവര്‍ത്തന മികവിന് കിട്ടിയ അംഗീകാരം കൂടിയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. നേരത്തെ കോഴിക്കോട് കുന്ദമംഗലത്തെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്നു രമ്യ.