ഹാസ്യ നടൻ മഞ്ജുനാഥ് ദുബായിലെ സ്റ്റേജ് ഷോയ്ക്കിടെ കുഴഞ്ഞു വീണു മരിച്ചു; അഭിനയമെന്ന് തെറ്റിദ്ധരിച്ച് കാണികൾ • ഇ വാർത്ത | evartha
Movies

ഹാസ്യ നടൻ മഞ്ജുനാഥ് ദുബായിലെ സ്റ്റേജ് ഷോയ്ക്കിടെ കുഴഞ്ഞു വീണു മരിച്ചു; അഭിനയമെന്ന് തെറ്റിദ്ധരിച്ച് കാണികൾ

ഹാസ്യ നടൻ മഞ്ജുനാഥ് നായിഡു (36) ദുബായിലെ സ്റ്റേജ് ഷോയ്ക്കിടെ കുഴഞ്ഞുവീണ് മരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. വെള്ളിയാഴ്ച രാത്രി ദുബായ് സിംഗ്‌നേച്ചർ ഹോട്ടലിൽ പരിപാടി അവതരിപ്പിക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്.

സ്റ്റേജ് ഷോ രാത്രി 9.30 ന് ആരംഭിച്ചു. മഞ്ജുനാഥിന്റെ പരിപാടി 11.20 ന് ആയിരുന്നു. അദ്ദേഹം വേദിയിലെത്തി 15 മിനിറ്റോളം പരിപാടി അവതരിപ്പിച്ചു. പെട്ടെന്ന് കിതച്ചുതുടങ്ങിയ മഞ്ജുനാഥ് ബെഞ്ചിൽ ഇരുന്ന് ശ്വാസം എടുക്കാൻ ശ്രമിച്ചു. എന്നാൽ അദ്ദേഹം കുഴഞ്ഞ് താഴെക്കുവീണു. അഭിനയത്തിന്റെ ഭാഗമാണെന്ന് കാണികളും കരുതി.

ഏതാനും മിനിറ്റുകൾ കഴിഞ്ഞിട്ടും എഴുന്നേൽക്കാതെ വന്നതോടെ ഹോട്ടൽ ജീവനക്കാർ സ്റ്റേജിലേക്ക് ഓടിയെത്തി. ഉടൻ തന്നെ മഞ്ജുനാഥിനെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ അദ്ദേഹത്തെ രക്ഷിക്കാനായില്ല. കഴിഞ്ഞ അഞ്ച് കൊല്ലത്തോളമായി ദുബായിലെ വേദികളിൽ നിറസാന്നിധ്യമായിരുന്നു അദ്ദേഹം.

അബുബാദിയില്‍ ജനിച്ച മഞ്ജുനാഥ് കുറേക്കാലമായി ദുബായിലാണ് ജീവിച്ചുവന്നത്‌. മാതാപിതാക്കള്‍ നേരത്തേ തന്നെ മരിച്ചു. ഒരു സഹോദരന്‍ മാത്രമാണുള്ളത്.