'സികെ ജാനു കാറോടിക്കുന്നത് സഹിക്കാത്തവർക്ക്, രമ്യയുടെ കാറും താങ്ങില്ല' • ഇ വാർത്ത | evartha
Featured

‘സികെ ജാനു കാറോടിക്കുന്നത് സഹിക്കാത്തവർക്ക്, രമ്യയുടെ കാറും താങ്ങില്ല’

ആലത്തൂർ എം.പി. രമ്യ ഹരിദാസിന് യൂത്ത് കോണ്‍ഗ്രസ് കാർ വാങ്ങിനല്‍കുന്നതിനെ കുറിച്ച് ചർച്ചകൾ കേരളത്തില്‍ മുറുകുകയാണ്. രമ്യയെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധിപേര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിട്ടുണ്ട്.

പിരിവിട്ട് കാര്‍ വാങ്ങികൊടുക്കേണ്ടതിന്‍റെ അത്യാവശ്യമെന്തായിരുന്നുവെന്ന ചോദ്യം ഒരു വിഭാഗം ഉയര്‍ത്തുമ്പോള്‍ അതിലെ തെറ്റെന്താണെന്ന ചോദ്യമാണ് മറുവിഭാഗം ഉയര്‍ത്തുന്നത്. അതിനിടയിലാണ് രമ്യയ്ക്ക് സ്വന്തമായി കാര്‍ കിട്ടുന്നത് ചില മേലാള ‘പുരോഗന ‘ കാരികൾക്ക് ഇഷ്ട്ടപെടുന്നില്ലെന്ന് ചൂണ്ടികാട്ടി സാമൂഹ്യപ്രവര്‍ത്തകന്‍ ജെ എസ് അടൂര്‍ രംഗത്തെത്തിയത്.

കുറിപ്പ് പൂര്‍ണരൂപത്തില്‍

പണ്ട് സി കെ ജാനു ഒരു കാറോടിക്കുന്നത് കണ്ടപ്പോൾ ചില മേലാള ‘പുരോഗന ‘ കാരികൾക്ക് ഇഷ്ട്ടപെട്ടില്ല . ഇപ്പോൾ കേരളത്തിൽ നിന്നുള്ള ഏക ദളിത് സ്ത്രീയും ഏറ്റവും സാമ്പത്തിക സ്ഥിതി കുറഞ്ഞതുമായ ഒരു എം പി ക്കു അവർക്ക് അവരുടെ സഹ പ്രവർത്തകർ ഒരു കാർ വാങ്ങി കൊടുക്കുന്നത് മേലാള വർഗത്തിന് താങ്ങുവാൻ സാധിക്കുന്നില്ല . ഇത് ടാർജറ്റ് ചെയ്യൂ എന്ന് പറഞ്ഞു അളറിയാതെ എനിക്കും കിട്ടി രണ്ടു വാട്സ് ആപ്പ് മെസ്സേജ് . ഈ രണ്ടു ലക്ഷം കഥയോടൊപ്പം എനിക്ക് കിട്ടിയ മെസ്സേജ് “Start charator assassination in social media”

പലരും ഈ വിഷയത്തിൽ എന്നെ ടാഗുന്നത് കൊണ്ടും ഒരു പാട് ഫോർവേർഡ് മെസ്സേജുകൾ ഇൻബോക്സിൽ വന്നത് കൊണ്ടാണ് എഴുതിയത് .

എന്താണാവോ ഈ ‘ ധാർമിക രോക്ഷത്തിനു ‘ കാരണം .? എട്ട് നിലയിൽ പൊട്ടും എന്ന് നിലവിളിച്ചു നടന്നവർക്കു അവർ 1.58 ലക്ഷത്തോളം വോട്ടുകൾക്ക് ജയിച്ചത് സഹിക്കാവുന്നതിലും അധികമായിരുന്നു .പാർലമെന്റിൽ പോയി പാടുമോ എന്ന് ചോദിച്ചവർ അവർ അവിടെപ്പോയി ഇഗ്ളീഷിൽ സംസാരിക്കുന്നത് സഹിക്കുന്നില്ല . അപ്പോൾ ആണ് അവർക്ക് കാറു വാങ്ങി കൊടുക്കുന്നു എന്നത് ‘ ധാർമ്മിക രോക്ഷം ‘ പടർത്തുന്നത് . കാരണം അവർക്ക് ‘രണ്ടു ലക്ഷം ‘ ശമ്പളം കിട്ടുന്നുണ്ടത്രേ . അവർ തിരഞ്ഞെടുക്കപ്പെട്ടിട്ട് മൂന്ന് മാസം ആയില്ല . ആലത്തൂർ കേരളത്തിലെ തന്നെ ഏറ്റവും വലിയ മണ്ഡലങ്ങളിലൊന്നാണ് . അവർ അവിടെയാകമാനം സൈക്കിൾ ചവിട്ടിയോ അതോ ലൈൻ ബസിനോ പോകണമോ ?

അവരുടെ മണ്ഡലത്തിലെ അവർക്ക് സഹപ്രവർത്തകർ അവർക്ക് കാറു വാങ്ങി കൊടുത്താൽ ആർക്കാണ് ഇവിടെ പ്രശ്‌നം ? അതും പരസ്യമായി അവരുടെ ഇടയിൽ പിരിവെടുത്തു. അല്ലാതെ കോഴപ്പണം കൊണ്ടോ എന്തെങ്കിലും ചെങ്ങാത്ത മുതലാളിമാർ സ്പോൺസർ ചെയ്തത് ഒന്നുമല്ലല്ലോ. ? പിന്നെ ലോൺ എടുത്ത തന്നെയേ കാർ വാങ്ങുവാൻ ആർക്കാണ് നിർബന്ധം ?

ഇവിടെ ചിലർ ഏറ്റവും വിലകൂടിയ കാറുകൾ ഉപയോഗിച്ചാൽ കുഴപ്പമില്ല . ലാൻഡ്‌സ് റോവറും , മിനി കൂപ്പറും , പിന്നെ ഓഡിയും ബി എം ഡബ്ല്യൂ വും ഉപയോഗിച്ചാൽ പ്രശ്നമില്ല .ഇവിടെയുള്ള എംപി മാർക്ക് എത്ര കാറും വീടുകളും സ്വത്തും ഉണ്ടെന്നത് ആരും ചോദിക്കുന്നില്ല ചില മേലാളന്മാർക്ക് എന്തും ആകാം . അവർക്ക് ചെങ്ങാത്ത മുതലാളിമാർ കാറോ അല്ലെങ്കിൽ മക്കൾക്ക് വൻ ശമ്പള ജോലിയോ ഒക്കെ കിട്ടിയാൽ ഒരു പ്രശ്നവും ഇല്ല . ഇവിടെ ഒരു പണിയും ചെയ്യാത്തവർ അഴിമതി കാണിച്ചു ഒന്നോ രണ്ടോ കാർ വാങ്ങി പാർട്ടി നിറ മാലകൾ അണിയിച്ചൊരുക്കി കറങ്ങി നടന്നാൽ ഒരു പ്രശ്നവുമില്ല .

എന്നാൽ ഒരു സി കെ ജാനു കാറോടിക്കുന്നത് കാണുമ്പോഴോ അല്ലെങ്കിൽ ഒരു രമ്യ ഹരിദാസിന് അവരുടെ മണ്ഡലത്തിലെ അവരുടെ സഹ പ്രവർത്തകർ ഒരു മഹീന്ദ്ര വണ്ടി പരസ്യമായി പിരിച്ചു പരസ്യമായി വാങ്ങി കൊടുക്കുന്നതോ ചില മേൽജാതി മേലാള സാറുന്മാർക്ക് സഹിക്കില്ല.

രമ്യ ഹരിദാസിന് എന്തെ അവരുടെ പാർട്ടിക്കാർ ഒരു വണ്ടി മേടിച്ചു കൊടുത്താൽ ചിലർക്ക് പെട്ടന്ന് ‘ ധാർമ്മിക ‘ രോക്ഷം പൊട്ടുന്നത് .?പണ്ട് അവരെ ട്രോളി അവർ എട്ടു നിലയിൽ പൊട്ടും എന്ന് പറഞ്ഞവരൊക്കെയാണ് ഇപ്പോൾ അവർ കാറിൽ സഞ്ചരിക്കുന്നത് കാണുമ്പോഴും എം പി ശമ്പളം മേടിക്കുമ്പോഴും വല്ലാത്ത അസ്വസ്ഥത . ഇതൊന്നും ശശി തരൂരിനോടോ അല്ലെങ്കിൽ കെ മുരളീധരനോടോ ഇവർ ചോദിക്കില്ല .

ചൊറിച്ചിൽ സി കെ ജാനു കാറോടിക്കുമ്പോഴും രമ്യ ഹരിദാസിന് സ്വന്തം മണ്ഡലത്തിലുള്ള സഹ പ്രവർത്തകർ കാറു വാങ്ങുമ്പോഴുമാണ്. അപ്പോഴാണ് ‘ധാർമ്മിക രോക്ഷം ‘ മേലാള ആണുങ്ങൾക്ക് അണപൊട്ടി ഒഴുകുന്നത്.