മാര്‍ക്സിസ്റ്റ് കോര്‍ഡിനേഷന്‍ കമ്മറ്റി സ്ഥാപകൻ എകെ റോയ് അന്തരിച്ചു

single-img
21 July 2019

മുന്‍ ലോക്സഭ എംപിയും മാര്‍ക്സിസ്റ്റ് കോര്‍ഡിനേഷന്‍ കമ്മറ്റിയുടെ സ്ഥാപകനുമായ എകെ റോയ് അന്തരിച്ചു. 90 വയസ്സായിരുന്നു. ഇടത് മുതിര്‍ന്ന നേതാവും ജാര്‍ഖണ്ഡിലെ സിഐടിയു പ്രസ്ഥാനത്തിന്റെ രക്ഷാധികാരികളിലൊരാളുമായിരുന്ന റോയി ജൂലൈ 8 മുതല്‍ സെന്‍ട്രല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.ഇദ്ദേഹം ജാര്‍ഖണ്ഡ് പ്രസ്ഥാനത്തിന്റെ സ്ഥാപകരിലൊരാളായിരുന്നു. മൂന്ന് തവണ ദന്‍ബാദില്‍ നിന്നും എംപിയായി പാര്‍ലമെന്റില്‍ എത്തിയിട്ടുണ്ട്.

1977, 1980,1989 എന്നീ വര്‍ഷങ്ങളിലായിരുന്നു റോയ് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ബീഹാര്‍ നിയമസഭയില്‍ സിന്ധ്രി നിയോജക മണ്ഡലത്തില്‍ നിന്ന് മൂന്ന് തവണ എംഎല്‍എയുമായിരുന്നു. ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ച അദ്ധ്യക്ഷന്‍ ഷിബു സോറന്റെയും പരേതനായ ബീഹാറി മഹാതോയുടെയും ഒപ്പമാണ് റോയ് ജാര്‍ഖണ്ഡ് സംസ്ഥാനം ആവശ്യപ്പെട്ടു കൊണ്ടുള്ള പ്രസ്ഥാനം 1971ല്‍ ആരംഭിക്കുന്നത്. പ്രക്ഷോഭത്തെ തുടര്‍ന്ന് 2000 നവംബറിലാണ് ജാര്‍ഖണ്ഡ് സംസ്ഥാനം നിലവില്‍ വന്നത്.

കൊല്‍ക്കത്തയിലെ വിദ്യാഭ്യാസ ശേഷം സ്വകാര്യ സ്ഥാപനത്തില്‍ റോയ് രണ്ട് വര്‍ഷത്തോലം ജോലി ചെയ്തു. പിന്നീട് പൊതുപ്രവര്‍ത്തനത്തില്‍ സജീവമായി. 1967ല്‍ സിന്ധ്രിയില്‍ നിന്ന് സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയും വിജയിക്കുകയും ചെയ്തു. പിന്നീട് പാര്‍ട്ടി വിടുകയും മാര്‍ക്സിസ്റ്റ് കോര്‍ഡിനേഷന്‍ കമ്മറ്റിയെന്ന പാര്‍ട്ടി രൂപീകരിക്കുകയുമായിരുന്നു.

റോയിയെ രാഷ്ട്രീയ വിശുദ്ധനായാണ് അദ്ദേഹത്തിന്റെ അനുയായികളും അടുപ്പമുള്ളവരും വിശേഷിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ട് എപ്പോഴും സീറോ ബാലന്‍സ് ആയിരുന്നു എന്ന്പറയുന്നു. ഒരു പാര്‍ട്ടി പ്രവര്‍ത്തകന്റെ വീട്ടിലായിരുന്നു കഴിഞ്ഞ 10 കൊല്ലം റോയ് താമസിച്ചിരുന്നത്. ഈയടുത്ത കാലത്തായി പാര്‍ട്ടി ഓഫീസിലേക്ക് താമസം മാറിയിരുന്നു.

പാര്‍ലമെന്റില്‍ എംപിമാരുടെ ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കുന്ന നിര്‍ദേശം 1989ല്‍ വന്നപ്പോള്‍ അതിനെ എതിര്‍ത്ത ആദ്യ എംപിയാണ് റോയെന്ന് മുന്‍ എംഎസിസി എംഎല്‍എമായ ആനന്ദ് മഹാതോ പറഞ്ഞു. റോയിയുടെ മരണത്തില്‍ സിപിഎം അനുശോചനം രേഖപ്പെടുത്തി.