ജ്വലിക്കുന്ന ഓര്‍മയായി ഷീല ദീക്ഷിത്; ഔദ്യോഗിക ബഹുമതികളോടെ അന്ത്യവിശ്രമം • ഇ വാർത്ത | evartha
Latest News, National

ജ്വലിക്കുന്ന ഓര്‍മയായി ഷീല ദീക്ഷിത്; ഔദ്യോഗിക ബഹുമതികളോടെ അന്ത്യവിശ്രമം

കഴിഞ്ഞ ദിവസം അന്തരിച്ച കോണ്‍ഗ്രസ്​ നേതാവും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായ ഷീല ദീക്ഷിത്​ ഇനി ജ്വലിക്കുന്ന ഓര്‍മ.​ ഇന്ന് ഡല്‍ഹിയില്‍ ഷീലാ ദീക്ഷിതിന്‍റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. ഉച്ചയ്ക്ക് ശേഷം 3.45ഓടെ ഡല്‍ഹിയില്‍ യമുനാ തീരത്തെ നിഗംബോധ്​ ഘാട്ടിലാണ് ആയിരങ്ങള്‍ സംബന്ധിച്ച ചടങ്ങ് നടന്നത്.

സംസ്ഥാനത്തിന്റെ മുന്‍ മുഖ്യമന്ത്രിയുടെ വിയോഗത്തില്‍ അനുശോചിച്ചുകൊണ്ട്​ രാജ്യ തലസ്ഥാനത്ത്​ മൂന്ന്​ ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്​. ഭൗതിക ശരീരം നിസാമുദ്ദീനിലെ വസതിയില്‍ നിന്ന് വിലാപ യാത്രയായി കോണ്‍ഗ്രസ് ആസ്ഥാനത്ത് എത്തിച്ച്‌​ ഒന്നരയോടെ പൊതുദര്‍ശനത്തിന് വെച്ചു. പിന്നീട് മൂന്നരയോടെ നിഗംബോധ് ഘാട്ടിലെത്തിച്ച്‌​ സമ്പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കുകയായിരുന്നു.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ഡല്‍ഹി ആഭ്യന്തരമന്ത്രി സത്യേന്ദ്ര ജെയിന്‍ തുടങ്ങിയവര്‍ മരണാനന്തരചടങ്ങുകളില്‍ പങ്കെടുത്തു.

പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷാ, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്​, യു.പി.എ അദ്ധ്യക്ഷ സോണിയ ഗാന്ധി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാള്‍, കോണ്‍ഗ്രസ്​ ജനറല്‍ സെക്രട്ടറിമാരായ പ്രിയങ്ക ഗാന്ധി, കെസി വേണുഗോപാല്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ മോത്തിലാല്‍ വോറ, എകെ ആന്‍റണി, അഹമ്മദ്​ പ​ട്ടേല്‍ എന്നിവരും ഭരണ പ്രതിപക്ഷ പാര്‍ട്ടികളുടെ മറ്റ്​ മുതിര്‍ന്ന നേതാക്കളും അന്തിമോപചാരം അര്‍പ്പിച്ചു.