ഡി.രാജ സിപിഐ ജനറല്‍ സെക്രട്ടറി; കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യ ദളിത് അധ്യക്ഷന്‍ • ഇ വാർത്ത | evartha
Latest News

ഡി.രാജ സിപിഐ ജനറല്‍ സെക്രട്ടറി; കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യ ദളിത് അധ്യക്ഷന്‍

സി.പി.ഐയുടെ പുതിയ ജനറല്‍ സെക്രട്ടറിയായി ഡി. രാജയെ പ്രഖ്യാപിച്ചു. പാര്‍ട്ടി ദേശീയ സെക്രട്ടറിയേറ്റിന്റെ നിര്‍ദേശത്തിന് ദേശീയ കൗണ്‍സില്‍ അംഗീകാരം നല്‍കി. നിലവിലെ ദേശീയ ജനറല്‍ സെക്രട്ടറി കെ. സുധാകര്‍ റെഡ്ഡിയുടെ പിന്‍ഗാമിയായാണ് രാജയുടെ നിയമനം.

കേന്ദ്രസര്‍ക്കാറിനെതിരായ പോരാട്ടവുമായി മുന്നോട്ടു പോകുമെന്ന് ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഡി. രാജ വ്യക്തമാക്കി. വളരെ അപകടകരമായ അവസ്ഥയിലാണ് രാജ്യം മുന്നോട്ടു പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവില്‍ പാര്‍ട്ടി അസിസ്റ്റന്റ് സെക്രട്ടറിയും ദേശീയ നിര്‍വാഹകസമിതി അംഗമുമായ ഡി. രാജ തമിഴ്‌നാട്ടില്‍ നിന്നുള്ള രാജ്യസഭ എം.പിയാണ്. ആദ്യമായാണ് ദളിത് വിഭാഗ നേതാവ് ഏതെങ്കിലും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അധ്യക്ഷസ്ഥാനത്തെത്തുന്നത്. സി.പി.ഐ ദേശീയ കൗണ്‍സില്‍ അംഗവും മഹിള സംഘം ദേശീയ സെക്രട്ടറിയുമായ ആനി രാജയാണ് ഭാര്യ.

അതേസമയം, ജെഎന്‍യു സമരനേതാവ് കനയ്യകുമാറിനെ പാര്‍ട്ടി ദേശീയ നിര്‍വാഹകസമിതിയില്‍ ഉള്‍പ്പെടുത്തിയതായും കൗണ്‍സില്‍ അറിയിച്ചു. അമര്‍ജീത് കൗറിനെ ജനറല്‍ സെക്രട്ടറിയാക്കണമെന്ന് കേരളഘടകത്തിന് താല്‍പര്യമുണ്ടായിരുന്നെങ്കിലും ഭിന്നതകള്‍ ഒഴിവാക്കണമെന്ന സ്ഥാനമൊഴിയുന്ന ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡിയുടെ നിര്‍ദേശത്തിന് വഴങ്ങുകയായിരുന്നു.

കേരള ഘടകത്തിന്റെ പ്രത്യേക താല്‍പര്യത്തിലാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തു തുടരാന്‍ കഴിഞ്ഞ വര്‍ഷം എസ്.സുധാകര്‍ റെഡ്ഡി സമ്മതിച്ചത്. സുധാകറിനു പകരം രാജയെ ജനറല്‍ സെക്രട്ടറിയാക്കുന്നതിനെ കേരള ഘടകം എതിര്‍ത്തില്ല. രാജയുടെ രാജ്യസഭാംഗത്വം 24ന് തീരും.