ബിസിസിഐയുടെ നിബന്ധന ലംഘിച്ച് സീനിയര്‍ താരം; ലോകകപ്പ് ക്രിക്കറ്റിലുടനീളം ഭാര്യയെ കൂടെ താമസിപ്പിച്ചു; താരത്തിനെതിരെ അന്വേഷണം • ഇ വാർത്ത | evartha
Latest News, Sports

ബിസിസിഐയുടെ നിബന്ധന ലംഘിച്ച് സീനിയര്‍ താരം; ലോകകപ്പ് ക്രിക്കറ്റിലുടനീളം ഭാര്യയെ കൂടെ താമസിപ്പിച്ചു; താരത്തിനെതിരെ അന്വേഷണം

കുടുംബാംഗങ്ങളെ കൂടെക്കൂട്ടാനുള്ള ബി.സി.സി.ഐയുടെ നിബന്ധന ലംഘിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഒരു മുതിര്‍ന്നതാരം ലോകകപ്പിലുടനീളം ഭാര്യയെ കൂടെ താമസിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ ബിസിസിഐയ്ക്കും ടീം മാനേജ്‌മെന്റിനും അതൃപ്തി ഉണ്ടെന്നും താരത്തിനെതിരെ അന്വേഷണം വന്നേക്കുമെന്നും ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രധാന പരമ്പരകളില്‍ 15 ദിവസം ഭാര്യയെ കൂടെ താമസിപ്പിക്കാനാണ് ബിസിസിഐ താരങ്ങള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്. ഈ നിയമമാണ് മുതിര്‍ന്ന താരം ലംഘിക്കുകയും ലോകകപ്പില്‍ ഉടനീളം ഭാര്യയെ കൂടെ താമസിപ്പിക്കുകയും ചെയ്തത്. ഭാര്യയെ കൂടെ താമസിപ്പിക്കാനായി താരം ബിസിസിഐ ഭരണ നിര്‍വഹണ സമിതിയോട് അനുമതിതേടിയിരുന്നു.

എന്നാല്‍, മേയ് മൂന്നിലെ മീറ്റിങ്ങില്‍ സി.ഒ.എ. അനുമതി നിഷേധിച്ചു. ഭാര്യമാരെ 15 ദിവസത്തിനുശേഷം കൂടെ താമസിപ്പിക്കണമെങ്കില്‍ ക്യാപ്റ്റന്റെയും കോച്ചിന്റെയും അനുമതി ആവശ്യമുണ്ട്. എന്നാല്‍, ഈ അനുമതിയും ലഭിച്ചിട്ടില്ലെന്നാണ് വിവരം. ഈ താരത്തിന്റെ ഭാര്യ ടൂര്‍ണമെന്റിന്റെ 7 ആഴ്ചയും ഭര്‍ത്താവിനൊപ്പം ഉണ്ടായിരുന്നു. ഭരണനിര്‍വഹണ സമിതി ടീം മാനേജരില്‍നിന്ന് ഈ വിഷയത്തില്‍ റിപ്പോര്‍ട്ട് തേടിയേക്കുമെന്നാണ് സൂചനകള്‍.