പശുവിനെ കുറിച്ച് വിവരിക്കുക എന്ന് ചോദ്യം; പശുവില്‍ തുടങ്ങി പിണറായി, ഗാന്ധി, നെഹ്‌റു വഴി അമേരിക്കയിലേക്ക്; നാലാം ക്ലാസുകാരന് ടീച്ചര്‍ കൊടുത്ത റിമാര്‍ക്ക് ‘സര്‍വവിജ്ഞാനി’

single-img
21 July 2019

പശുവിനെ കുറിച്ച് എഴുതാന്‍ ചോദിച്ചപ്പോള്‍ പശുമുതല്‍ അങ്ങ് അമേരിക്കവരെ എഴുതിയ ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ ഉത്തരക്കടലാസ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍. പശുവിനെ കുറിച്ചുള്ള വിവരണത്തില്‍ ഗാന്ധി മുതല്‍ അമേരിക്ക വരെ ഇടം പിടിച്ചു. പശുവിനെ ആഗോള തലം വരെ എത്തിച്ച ആ കുട്ടിയെ അഭിനന്ദിക്കാനും ടീച്ചര്‍ മറന്നില്ല. സര്‍വ്വവിജ്ഞാനി എന്ന് പേപ്പറിന്റെ അടിയില്‍ എഴുതിയ ശേഷം ശരിയും ഇട്ടുകൊടുക്കുകയും ചെയ്താണ് പേപ്പര്‍ തിരികെ നല്‍കിയത്.

നാലാം ക്ലാസില്‍ പഠിക്കുന്ന ആദിത്യന്‍ എന്ന കുട്ടിയുടെ മലയാളം പേപ്പറാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. പശുവിനെ കുറിച്ച് വിവരിക്കുക എന്നാണ് ചോദ്യം. കുട്ടിയുടെ ഉത്തരം ഇങ്ങനെയായിരുന്നു:

പശു ഒരു വളര്‍ത്തുമൃഗമാണ്. പശു പാല്‍ തരുന്നു. പശുവിനെ കെട്ടിടുന്നത് തെങ്ങിലാണ്. തെങ്ങ് ഒരു കല്‍പ്പവൃക്ഷമാണ്. ധാരാളം തെങ്ങുകള്‍ ഉള്ളതിനാലാണ് കേരളത്തിന് ആ പേര് വന്നത്. കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനാണ്. തെരഞ്ഞെടുപ്പിലൂടെയാണ് മുഖ്യമന്ത്രിയായത്.

പ്രധാനമന്ത്രിയും തെരഞ്ഞെടുക്കുന്നത് ഇങ്ങനെയാണ്. ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി നെഹ്‌റുവാണ്. നെഹ്‌റുവും ഗാന്ധിജിയും ഒന്നിച്ചാണ് സ്വാതന്ത്ര്യസമരം ചെയ്തത്. ഗാന്ധിജി ആദ്യം ദക്ഷിണാഫ്രിക്കയിലായിരുന്നു. ദക്ഷിണാഫ്രിക്ക അമേരിക്കയുടെ കീഴിലായിരുന്നു. അമേരിക്കയാണ് ഏറ്റവും പൈസയുള്ള നാട്.