ഇന്തോനേഷ്യന്‍ ഓപ്പണ്‍ ഫൈനൽ: പിവി സിന്ധുവിന് തോല്‍വി • ഇ വാർത്ത | evartha
Sports

ഇന്തോനേഷ്യന്‍ ഓപ്പണ്‍ ഫൈനൽ: പിവി സിന്ധുവിന് തോല്‍വി

ഇന്ന് നടന്ന ഇന്തോനേഷ്യന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഇന്ത്യയുടെ പിവി സിന്ധുവിന് തോല്‍വി. ജപ്പാന്റെ താരം അകാനെ യമാഗുച്ചിയാണ് സിന്ധുവിനെ തോല്‍പ്പിച്ച് ചാമ്പ്യനായത്. സ്‌കോര്‍ 21-15, 21-16. ഫൈനലില്‍ വാശിയേറിയ പോരാട്ടമാണ് പ്രതീക്ഷിച്ചതെങ്കിലും രണ്ട് സെറ്റിലും സിന്ധുവിനെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് യമാഗുച്ചി പുറത്തെടുത്തത്.

മത്സരത്തിൽ ആദ്യ സെറ്റിന്റെ രണ്ടാം പകുതിയില്‍ നാല് പോയന്റുകള്‍ക്ക് മുന്നിലുണ്ടായിരുന്ന സിന്ധുവിനെതിരെ തുടര്‍ച്ചയായ പോയന്റുകള്‍ നേടി യമാഗുച്ചി സെറ്റ് സ്വന്തമാക്കുകയായിരുന്നു. തുടർന്നുള്ള രണ്ടാം സെറ്റില്‍ തുടക്കംമുതല്‍ ജാപ്പനീസ് താരം കൃത്യമായ ലീഡ് നിലനിര്‍ത്തിയാണ് കിരീടനേട്ടത്തിലെത്തിയത്. യമാഗുച്ചി ഉതിർത്ത തകര്‍പ്പന്‍ സ്മാഷുകള്‍ക്ക് സിന്ധുവിന് മറുപടിയുണ്ടായിരുന്നില്ല. ഈ പരാജയത്തോടെ ഈ വര്‍ഷത്തെ ആദ്യ കിരീടനേട്ടം സിന്ധുവിന് നഷ്ടമാവുകയും ചെയ്തു.

സെമിയിൽ ലോക മൂന്നാം റാങ്ക് താരം ചൈനയുടെ ചെന്‍ യു ഫെയിയെ തോല്‍പ്പിച്ചാണ് സിന്ധു ഫൈനലില്‍ ഇടം പിടിച്ചത്. കഴിഞ്ഞ കുറച്ചു കാലമായി മികച്ച പപ്രകടനം നടത്താന്‍ കഴിയാതിരുന്ന സിന്ധു ഇന്തോനേഷ്യന്‍ ഓപ്പണില്‍ മികവാര്‍ന്ന പ്രകടനം കാഴ്ചവെച്ചാണ് മടങ്ങുന്നത്.