എയര്‍ ഇന്ത്യയുടെ സ്വകാര്യവത്കരണം; ജീവനക്കാര്‍ക്ക് ഇനി മുതല്‍ പ്രമോഷന്‍ നല്‍കില്ല; നിയമനങ്ങള്‍ക്കും നിരോധനം • ഇ വാർത്ത | evartha
National

എയര്‍ ഇന്ത്യയുടെ സ്വകാര്യവത്കരണം; ജീവനക്കാര്‍ക്ക് ഇനി മുതല്‍ പ്രമോഷന്‍ നല്‍കില്ല; നിയമനങ്ങള്‍ക്കും നിരോധനം

എയര്‍ ഇന്ത്യയെ സ്വകാര്യവത്കരിക്കുന്നതിന്റെ ഭാഗമായി ജീവനക്കാര്‍ക്ക് ഇനി മുതല്‍ പ്രമോഷന്‍ നല്‍കുന്നതിനും കമ്പനിയില്‍ പുതിയ നിയമനങ്ങള്‍ നടത്തുന്നതിനും വിലക്ക്. അടുത്ത മാസം നാല് മുതല്‍ അഞ്ച് മാസത്തിനകം ദേശീയ വിമാനക്കമ്പനിയുടെ തന്ത്രപരമായ ഓഹരി വില്‍പ്പന പൂര്‍ത്തിയാക്കുന്നതിന്‍റെ ഭാഗമായാണ് ഈ നടപടി.

നിലവില്‍ 50,000 കോടിക്ക് മുകളില്‍ കടബാധ്യതയുളള ദേശീയ വിമാനക്കമ്പനിയുടെ 95 ശതമാനം ഓഹരിയും വില്‍ക്കാനാണ് കേന്ദ്രസര്‍ക്കാരിന്‍റെ ആലോചന. ബാക്കിയുള്ള അഞ്ച് ശതമാനം ഓഹരി ജീവനക്കാരുടെ കൂട്ടായ ഉടമസ്ഥതതയിലേക്ക് മാറ്റും. എയര്‍ ഇന്ത്യയില്‍ ഇപ്പോള്‍ 10,000 സ്ഥിരം ജീവനക്കാരാണുളളത്. പ്രതിദിനം 15 കോടി രൂപയാണ് കമ്പനിയുടെ വരുമാനം.

ഈ മാസം 15 വരെയുളള ബുക്ക് ഓഫ് അക്കൗണ്ട്സ് വച്ച് ഓഹരി വില്‍പ്പന നടത്താനാണ് സര്‍ക്കാരിന്‍റെ ആലോചന. കഴിഞ്ഞ വര്‍ഷം എയര്‍ ഇന്ത്യയുടെ 76 ശതമാനം ഓഹരി വില്‍ക്കാനായി സര്‍ക്കാര്‍ ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. അന്ന് 24 ശതമാനം ഓഹരി സര്‍ക്കാരില്‍ നിലനിര്‍ത്താന്‍ ശ്രമിച്ചത് മൂലമാണ് ഓഹരി വില്‍പ്പന നടക്കാതെ പോയതെന്നാണ് ട്രാന്‍സാക്ഷന്‍ അഡ്വൈസറായ ഇവൈ അഭിപ്രായപ്പെട്ടത്.