ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലില്‍ മലയാളികളും; 3 എറണാകുളത്തുകാര്‍ • ഇ വാർത്ത | evartha
Breaking News

ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലില്‍ മലയാളികളും; 3 എറണാകുളത്തുകാര്‍

ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലില്‍ മലയാളികള്‍ ഉണ്ടെന്ന് സ്ഥിരീകരണം. കപ്പലില്‍ മൂന്ന് മലയാളികള്‍ ഉണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. എറണാകുളം കളമശ്ശേരി സ്വദേശിയായ ഡിജോ പാപ്പച്ചന്‍ കപ്പലില്‍ ഉണ്ടെന്ന് കപ്പല്‍ കമ്പനി ബന്ധുക്കളെ അറിയിച്ചു.

ഡിജോക്കൊപ്പം തൃപ്പൂണിത്തറ, പള്ളുരുത്തി സ്വദേശികളായ രണ്ട് മലയാളികള്‍ കൂടി കപ്പലിലുണ്ടെന്നാണ് വിവരം. എന്നാല്‍, മലയാളികള്‍ കപ്പലില്‍ ഉണ്ടെന്നതിന് ഔദ്യോഗിക വിവരങ്ങളൊന്നും സര്‍ക്കാര്‍ തലത്തില്‍ ലഭിച്ചിട്ടില്ല.

ഹോര്‍മുസ് കടലിടുക്കില്‍ വച്ചാണ് 18 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 23 ജീവനക്കാരടങ്ങിയ ബ്രിട്ടിഷ് എണ്ണക്കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തത്. ഇറാനിലെ ബന്ദര്‍ അബ്ബാസ് തുറമുഖത്തു നങ്കൂരമിട്ട കപ്പലില്‍നിന്ന് ഇവരെ മോചിപ്പിച്ച് എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കുമെന്നാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചത്.

എല്ലാവരും സുരക്ഷിതരാണെന്നു കേന്ദ്രമന്ത്രി വി. മുരളീധരന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മോചനം ആവശ്യപ്പെട്ട് ഇറാനു കത്ത് നല്‍കിയിട്ടുണ്ട്. കപ്പലിലെ മറ്റു 3 പേര്‍ റഷ്യക്കാരും ഓരോരുത്തര്‍ ലാത്വിയ, ഫിലിപ്പീന്‍സ് സ്വദേശികളുമാണെന്നാണു വിവരം.

സ്വീഡിഷ് കമ്പനിയായ സ്റ്റെനാ ബള്‍ക് ബ്രിട്ടനില്‍ റജിസ്റ്റര്‍ ചെയ്ത സ്റ്റെന ഇംപറോ എണ്ണക്കപ്പല്‍ വെള്ളിയാഴ്ചയാണ് ഇറാന്‍ സേനാവിഭാഗമായ റവല്യൂഷനറി ഗാര്‍ഡ്‌സ് പിടിച്ചെടുത്തത്. രാജ്യാന്തര സമുദ്രഗതാഗത നിയമങ്ങള്‍ തെറ്റിച്ചെന്ന് ആരോപിച്ചാണു നടപടി. സ്പീഡ് ബോട്ടുകളിലെത്തി കപ്പല്‍ പിടിച്ചെടുക്കുന്നതിന്റെ വിഡിയോ റവല്യൂഷനറി ഗാര്‍ഡ്‌സ് പുറത്തുവിട്ടു.

മീന്‍പിടിത്ത ബോട്ടുമായി കപ്പല്‍ കൂട്ടിയിടിച്ചെന്നും ക്യാപ്റ്റനുമായി ബന്ധപ്പെടാനുള്ള ശ്രമം പരാജയപ്പെട്ടപ്പോള്‍ പിടിച്ചെടുക്കുകയായിരുന്നുവെന്നുമാണ് ഇറാന്‍ പറയുന്നത്. എന്നാല്‍ സൗദിയിലേക്കു പോകുമ്പോള്‍ മുന്നറിയിപ്പില്ലാതെ 4 ചെറുകപ്പലുകളും ഹെലികോപ്റ്ററുകളും ചേര്‍ന്നു വളയുകയായിരുന്നെന്നു കപ്പല്‍ കമ്പനിയുടമകള്‍ ആരോപിച്ചു. മുന്‍പ് തങ്ങളുടെ കപ്പല്‍ ബ്രിട്ടന്‍ പിടിച്ചെടുത്തതിനു തിരിച്ചടിയായി ഇതു കരുതാമെന്നും ഇറാന്‍ പറയുന്നു.

അതേസമയം, ഇറാനെതിരെ യുദ്ധസന്നാഹമൊരുക്കുന്ന അമേരിക്ക സൗദി അറേബ്യയിലേയ്ക്ക് കൂടുതല്‍ സൈന്യത്തെ അയച്ചു. 500 സൈനികരെയാണ് ആദ്യ ഘട്ടത്തില്‍ അയച്ചത്. കൂടുതല്‍ സൈനികരെ ഉടന്‍ അയക്കും. ഇറാന്റെ നടപടിക്കെതിരെ റഷ്യ, ജര്‍മനി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളും രംഗത്തെത്തി.

പ്രതിഷേധം കനക്കുന്നതിനിടെ, കപ്പല്‍ പിടിച്ചെടുത്തതിന്റെ ദൃശ്യങ്ങള്‍ ഇറാന്‍ പുറത്തുവിട്ടു. ഹെലികോപ്റ്ററില്‍ സൈന്യം കപ്പലില്‍ ഇറങ്ങുന്ന ദൃശ്യങ്ങളാണ് ഇറാന്‍ പുറത്തുവിട്ടത്. ഉപരോധം ലംഘിച്ച് സിറിയയിലേക്ക് എണ്ണ കടത്തുന്നു എന്നാരോപിച്ച് ഈ മാസമാദ്യം ഗ്രേസ് 1 എന്ന ഇറാന്‍ എണ്ണക്കപ്പല്‍ ബ്രിട്ടന്‍ പിടിച്ചെടുത്തിരുന്നു. ഈ കപ്പല്‍ 30 ദിവസംകൂടി തടങ്കലില്‍ വയ്ക്കാന്‍ ജിബ്രാള്‍ട്ടര്‍ സുപ്രീം കോടതി ഉത്തരവിട്ടതിനു തൊട്ടുപിന്നാലെയാണ് ബ്രിട്ടിഷ് എണ്ണക്കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തത്.