സിസേറിയന്‍ ഒഴിവാക്കാനും സുഖപ്രസവം നടക്കാനും ഗംഗാ ജലം കുടിച്ചാല്‍ മതി; ബിജെപി എംപി

single-img
20 July 2019

സ്ത്രീകൾ സിസേറിയന്‍ ഒഴിവാക്കാനും സുഖപ്രസവം നടക്കാനും ഗംഗാ നദിയിലെ ജലം കുടിച്ചാല്‍ മതിയെന്ന് ഉത്തരാഖണ്ഡ് ബിജെപി സംസ്ഥാന അധ്യക്ഷനും എംപിയുമായ അജയ് ഭട്ട്. കഴിഞ്ഞ ദിവസം ലോക്സഭയില്‍ പ്രസംഗിക്കുമ്പോഴാണ് എംപിയുടെ ഉപദേശം.

ഇദ്ദേഹം പറയുന്നത് അനുസരിച് ഗംഗാ നദിയിലെ ജലത്തിന്‍റെ ഔഷധ ഗുണത്തെപ്പറ്റി വളരെ കുറച്ച് ആളുകള്‍ക്ക് മാത്രമാണ് അറിവുള്ളത്. പാമ്പുകളുടെ കടിയേറ്റ മുറിവുകളില്‍ നദിയിലെ കല്ല് ഉരച്ചാല്‍ സൗഖ്യം ലഭിക്കുമെന്നും അജയ് ഭട്ട് പറഞ്ഞു. മുമ്പ് ഒരാള്‍ പാമ്പ് വരുന്നതിനാല്‍ വീട്ടില്‍ കയറുന്നതിന് പോലും ഭയപ്പെട്ടിരുന്ന കാര്യം പറഞ്ഞിരുന്നു. ആ കുടുംബം പാമ്പ് കടിയേല്‍ക്കുമെന്ന് ഭയപ്പെട്ടിരുന്നു. അപ്പോൾ ആ ഗ്രാമത്തിലെ ഒരു സന്യാസിയുടെ കെെയില്‍ ഗംഗാ നദിയുടെ കരയില്‍ നിന്നുള്ള കല്ലുള്ളതായി താന്‍ പറഞ്ഞു.

അവര്‍ അദ്ദേഹത്തിൽ നിന്നും ആ കല്ല് വീട്ടില്‍ കൊണ്ടു വന്നതോടെ വീട്ടില്‍ പാമ്പ് ഒരാഴ്ചയോളം പെട്ടു. പിന്നീട് ഇഴഞ്ഞ് പോയെന്നും എംപി അവകാശപ്പെട്ടു. അതേപോലെ പാമ്പോ അല്ലെങ്കില്‍ വിഷമുള്ള ഏതെങ്കിലും ജീവിയോ കടിച്ചാല്‍ ഗംഗാ നദിയിലെ കല്ല് കൊണ്ട് ഉരച്ചാല്‍ ജീവന്‍ നഷ്ടമാകില്ലെന്നും അദ്ദേഹം പറഞ്ഞു. അത് ആ പുണ്യ നദിയുടെ ശക്തി കൊണ്ടാണ്.

സ്ത്രീകൾ പ്രസവ സമയത്ത് ശാരീരികമായി അസ്വസ്ഥത അനുഭവപ്പെട്ടാല്‍ നദിയിലെ കല്ല് പൊടിച്ച് ശേഷം ഗംഗാ ജലത്തില്‍ തന്നെ കലക്കി കുടിക്കണമെന്നാണ് എംപിയുടെ ഉപദേശം. ശാസ്ത്രീയപരമായി ഇതിനെ അസംബന്ധം എന്ന് വിളിക്കാമെന്ന് ഗെെനക്കോളജിസ്റ്റ് ഡോ. ആരതി ലുത്ര പറഞ്ഞു. സഭയിൽ പ്രതിപക്ഷമായ കോണ്‍ഗ്രസും എംപിക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്.