സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ എ.ബി.വി.പി പതാക ഉയര്‍ത്തി; സാംസ്‌കാരിക സംഘടനയെന്ന് വിശദീകരണം: വിവാദം

single-img
20 July 2019

ബി.ജെ.പിയുടെ വിദ്യാര്‍ഥി സംഘടനയായ എ.ബി.വി.പിയുടെ പതാക ഉയര്‍ത്തി ത്രിപുര യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ വിവാദത്തില്‍. ജൂലൈ 10ന് യൂനിവേഴ്‌സിറ്റിയില്‍ നടന്ന പരിപാടിക്കിടെയാണ് വൈസ് ചാന്‍സലര്‍ വിജയകുമാര്‍ ലക്ഷ്മികാന്ത് റാവു ധരുര്‍കര്‍ എ.ബി.വി.പി പതാക ഉയര്‍ത്തിയത്. എ.ബി.വി.പി സാംസ്‌കാരിക സംഘടന മാത്രമാണെന്നും ഇവര്‍ക്ക് ഒരു രാഷ്ട്രീയപാര്‍ട്ടിയുമായി ബന്ധമില്ലെന്നുമാണ് വി.സിയുടെ വിശദീകരണം.

‘ക്ഷണം ലഭിച്ചത് പ്രകാരം പരിപാടിക്ക് താന്‍ പോയിരുന്നു. എബിവിപി ഒരു ദേശവിരുദ്ധ സംഘടനയോ തീവ്രവാദ സംഘടനയോ അല്ല. അതൊരു സാമൂഹിക സാംസ്‌കാരിക സംഘടനയാണ്. ജനസംഘത്തിന് മുമ്പേയുള്ള സംഘടനയാണത്. അവരുടെ പരിപാടിയില്‍ താന്‍ പങ്കെടുത്തതില്‍ രാഷ്ട്രീയ ബന്ധമൊന്നുമില്ല’. സ്വാമി വിവേകാനന്ദന്റെ ഷിക്കാഗോ പ്രസംഗവുമായി ബന്ധപ്പെട്ടാണ് പരിപാടി സംഘടിപ്പിച്ചതെന്നും ധരുര്‍കര്‍ ഇംഗ്ലീഷ് പത്രമായ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

അതേ സമയം പരിപാടിയില്‍ എബിവിപിയുടെ പതാക ഉയര്‍ത്തിയോ എന്ന ചോദ്യത്തിന് അദ്ദേഹം വ്യക്തമായി മറുപടി പറഞ്ഞില്ല. ഇന്ത്യയിലുള്ള നിരവധി സംഘടനകളുമായി തനിക്ക് ബന്ധമുണ്ട്. വി.സി.എന്ന നിലയില്‍ ക്യാമ്പസില്‍ നടക്കുന്ന ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.

എസ്.എഫ്.ഐ അടക്കമുള്ള മറ്റു വിദ്യാര്‍ത്ഥി സംഘടനകളുടെ പതാക ഉയര്‍ത്തുമോ എന്ന ചോദ്യത്തിന് ഇതായി വി.സിയുടെ മറുപടി. കാള്‍ മാക്‌സിന്റെയും മാവോ സെതൂങിന്റേയും തത്വങ്ങള്‍ ആഴത്തില്‍ പഠിച്ചിട്ടുണ്ട്. എല്ലാ വിദ്യാര്‍ത്ഥി സംഘടനകളേയും തുറന്നമനസ്സോടെ താന്‍ പിന്തുണക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.