വ്യാജമായി പാൽ നിർമ്മിക്കാൻ ഉപയോഗിക്കുന്നത് ഡിറ്റര്‍ജെന്റും പെയിന്റും; മൂന്ന് ഫാക്ടറികൾ പൂട്ടി; 57പേര്‍ അറസ്റ്റില്‍

single-img
20 July 2019

വ്യാജമായി പാല്‍ നിര്‍മ്മിച്ച് വിതരണം ചെയ്തവരെ പിടികൂടി. വ്യാജനായി പാല്‍ നിര്‍മ്മിക്കാന്‍ ഡിറ്റര്‍ജെന്റും പെയിന്റും ഓയിലുമൊക്കെയാണ് ഉപയോഗിച്ചിരുന്നത്. മധ്യപ്രദേശിലാണ് സംഭവം. അന്വേഷണത്തില്‍ മൂന്ന് ഫാക്ടറികള്‍ അടച്ചുപൂട്ടി. സംഭവത്തില്‍ ഇതുവരെ 57 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

രാജ്യത്തെ ആറ് സംസ്ഥാനങ്ങളിലേക്ക് ഇവിടെ നിന്ന് വന്‍ തോതില്‍ പാല്‍ വിതരണം ചെയ്തിരുന്നു. മധ്യപ്രദേശിലെ ഗ്വാളിയോര്‍ചമ്പല്‍ മേഖലയില്‍ സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സ് നടത്തിയ പരിശോധനയിലാണ് വിഷാംശമുള്ള പാല്‍ കണ്ടെത്തിയത്. 30 ശതമാനം യഥാര്‍ത്ഥ പാലില്‍ 70 ശതമാനം ഡിറ്റര്‍ജെന്റ്, ഓയില്‍, വെള്ള പെയിന്റ് എന്നിവ കലര്‍ത്തിയാണ് ഇവിടെ വ്യാജ പാല്‍ നിര്‍മിച്ചിരുന്നത്. ഇവിടെ നിന്നും ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഡല്‍ഹി, ഹരിയാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലേക്കും ഇവിടെ നിന്ന് പാല്‍ വിതരണം ചെയ്തിട്ടുണ്ട്.

പരിശോധനയില്‍ പതിനായിരം ലിറ്റര്‍ വ്യാജ പാലും 500 കിലോയിലേറെ പാല്‍ക്കട്ടിയും 200 കിലോ കൃത്രിമ പനീറും പിടിച്ചെടുത്തതായി സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സ് അറിയിച്ചു. ഏകദേശം 20 ടാങ്കുകളിലും 11 പിക്ക്അപ് വാനുകളിലുമായാണ് പാല്‍ ഉണ്ടായിരുന്നത്. ഇതിന് പുറമേ വലിയ അളവില്‍ ഡിറ്റര്‍ജന്റുകള്‍, റിഫൈന്‍ഡ് ഓയില്‍, ഗ്ലൂക്കോസ് പൗഡര്‍ എന്നിവയും പിടിച്ചെടുത്തു.