ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിത് അന്തരിച്ചു • ഇ വാർത്ത | evartha
Breaking News

ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിത് അന്തരിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായ ഷീലാ ദീക്ഷിത് അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. 1998 മുതല്‍ 2013 വരെ 15 വര്‍ഷത്തോളം ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിത് നിലവില്‍ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷയാണ്. കേരളാ ഗവര്‍ണറായും ഷീലാ ദീക്ഷിത് ചുമതല വഹിച്ചിട്ടുണ്ട്.

2013ല്‍ ന്യൂഡല്‍ഹി നിയമസഭാ മണ്ഡലത്തില്‍ മത്സരിച്ച ഷീല ദീക്ഷിത് ആം ആദ്മി പാര്‍ട്ടിയുടെ ചെയര്‍മാന്‍ അരവിന്ദ് കെജ്‌രിവാളിനോട് പരാജയപ്പെട്ടതോടുകൂടി മുഖ്യമന്ത്രിസ്ഥാനം രാജിവെക്കുകയായിരുന്നു. കോണ്‍ഗ്രസിന്റെ ഡല്‍ഹിയിലെ ശക്തമായ സാന്നിധ്യമായിരുന്നു ഷീല ദീക്ഷിത്. ഈ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്തും ഷീല ദീക്ഷിത് പ്രചാരണത്തില്‍ സജീവമായിരുന്നു.

ഗാന്ധികുടുംബവുമായുള്ള അടുപ്പമാണ് അവര്‍ക്കു രാഷ്ട്രീയത്തില്‍ നേട്ടങ്ങള്‍ നല്‍കിയത്. രാജീവ് ഗാന്ധി അവരെ പ്രധാനമന്ത്രിയുടെ ഓഫിസിന്റെ ചുമതലയുള്ള സഹമന്ത്രിയാക്കി. 1991ല്‍ രാജീവ് വധിക്കപ്പെട്ടശേഷം കോണ്‍ഗ്രസ് അധ്യക്ഷനും പ്രധാനമന്ത്രിയുമായ പി.വി.നരസിംഹറാവുവിനെ വെല്ലുവിളിച്ചു സോണിയ ഗാന്ധിക്കൊപ്പം നിന്നവരില്‍ പ്രധാനിയാണ് അവര്‍.

1998ല്‍ സോണിയ കോണ്‍ഗ്രസിന്റെ ചുമതലയേറ്റശേഷം ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കാനുള്ള ദൗത്യം ഷീലയെ ഏല്‍പിച്ചു. അന്നു പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷയായിരുന്ന അവര്‍ അപ്രതീക്ഷിതമായാണു മുഖ്യമന്ത്രിസ്ഥാനാര്‍ഥിയായത്. പഞ്ചാബുകാരിയായ ഷീലയെ കോണ്‍ഗ്രസ് ട്രഷററും കേന്ദ്രമന്ത്രിയുമായിരുന്ന ഉമാശങ്കര്‍ ദീക്ഷിതിന്റെ മകനാണു വിവാഹംചെയ്തത്. അതോടെ ഉത്തര്‍പ്രദേശിന്റെ മരുമകളായാണ് അവര്‍ അറിയപ്പെടുന്നത്.