‘ഞാന്‍ തിരികെ വരും’; യോഗിയെ വിറപ്പിച്ച് പ്രിയങ്ക; സോന്‍ഭദ്ര കൂട്ടക്കൊലയില്‍ മരിച്ചവരുടെ ബന്ധുക്കളെ കണ്ട് പ്രിയങ്ക മടങ്ങി

single-img
20 July 2019

സോന്‍ഭദ്രയില്‍ ഭൂമി തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ കാണണമെന്ന് ആവശ്യപ്പെട്ട് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി നടത്തി വന്നിരുന്ന പ്രതിഷേധ സമരം അവസാനിപ്പിച്ചു. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് സമരം അവസാനിപ്പിക്കുന്നതായി പ്രിയങ്ക അറിയിച്ചത്.

തന്നെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും തനിക്ക് എവിടെ വേണമെങ്കിലും പോകാമെന്നുമാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ കാണുന്നതില്‍ നിന്നും തന്നെ വിലക്കിയ ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ പറയുന്നത്. എന്നാല്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ കണ്ടെന്നും ഇപ്പോള്‍ മടങ്ങുകയാണെന്നും തിരിച്ചുവരുമെന്നും പ്രിയങ്ക പറഞ്ഞു.

സോന്‍ഭദ്രയില്‍ സ്ത്രീകളുള്‍പ്പടെ 10 ആദിവാസികളെ ഗ്രാമത്തലവനും കൂട്ടാളികളും കഴിഞ്ഞ ബുധനാഴ്ചയാണ് വെടിവെച്ചുകൊന്നത്. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ കാണാനായെത്തിയ പ്രിയങ്കയെ മിര്‍സാപ്പൂരില്‍ വച്ച് പൊലീസ് ഇന്നലെ തടയുകയായിരുന്നു. പ്രിയങ്കയുടെ സന്ദര്‍ശനത്തിന് തൊട്ട് മുന്‍പ് സോന്‍ഭദ്രയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തുകയും ചെയ്തു.

എന്നാല്‍ താനുള്‍പ്പടെ നാലുപേര്‍ മാത്രമേ സോന്‍ഭദ്രയിലേക്ക് പോകുകയുള്ളൂവെന്നും, നിരോധനാജ്ഞ ലംഘിക്കില്ലെന്നും പ്രിയങ്ക ഉറപ്പുനല്‍കിയെങ്കിലും പോലീസ് ഇത് മുഖവിലയ്‌ക്കെടുത്തില്ല. തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം പ്രിയങ്ക റോഡിലിരുന്ന് പ്രതിഷേധിച്ചു. ഇതോടെ സോന്‍ഭദ്രക്ക് പിന്നാലെ മിര്‍സാപ്പൂരിലും നിരോധനാജ്ഞ പ്രഖ്യാപിച്ച പൊലീസ് പ്രിയങ്കയെ കസ്റ്റഡിയിലെടുത്ത് മിര്‍സാപ്പൂര്‍ ഗസ്റ്റ് ഹൗസിലേക്ക് മാറ്റുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

മരിച്ച പത്ത് പേരുടെയും കുടുംബാംഗങ്ങളെ കാണാതെ മടങ്ങില്ലെന്ന് ആവര്‍ത്തിച്ച പ്രിയങ്ക രാത്രിയും പ്രതിഷേധിച്ചു. തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരിടപ്പെട്ട് മരിച്ചവരുടെ കുടുംബാംഗങ്ങളില്‍ ചിലരെ പ്രിയങ്ക പ്രതിഷേധിക്കുന്ന മിര്‍സാപ്പൂര്‍ ഗസ്റ്റ് ഹൗസ് പരിസരത്തെത്തിച്ചു. പ്രതിഷേധ സ്ഥലത്തേക്ക് മരിച്ചവരുടെ കുടുംബാംഗങ്ങള്‍ എത്തിയെങ്കിലും മുഴുവന്‍ ആളുകളെയും കാണാന്‍ പൊലീസ് അനുവദിച്ചില്ലെന്നായിരുന്നു പ്രിയങ്ക ഗാന്ധി പറഞ്ഞത്.