പാലക്കാട് തീവണ്ടിക്ക് മുകളിൽക്കയറി സെൽഫിയെടുക്കാൻ ശ്രമിച്ച കോളേജ് വിദ്യാർഥി ഷോക്കേറ്റ് തെറിച്ചുവീണു • ഇ വാർത്ത | evartha
Kerala

പാലക്കാട് തീവണ്ടിക്ക് മുകളിൽക്കയറി സെൽഫിയെടുക്കാൻ ശ്രമിച്ച കോളേജ് വിദ്യാർഥി ഷോക്കേറ്റ് തെറിച്ചുവീണു

പാലക്കാട് ഗുഡ്സ് യാഡിൽ നിർത്തിയിട്ടിരുന്ന ഗുഡ്സ് വാഗണിന് മുകളിൽക്കയറി സെൽഫിയെടുക്കാൻ ശ്രമിച്ച കോളേജ് വിദ്യാർഥിക്ക് ഷോക്കേറ്റു. വടക്കഞ്ചേരി കൊന്നഞ്ചേരി സ്വദേശി ശിവദാസന്റെ മകൻ ആദർശിനാണ് (20) വാഗണിന് മുകളിലൂടെ കടന്നുപോകുന്ന വൈദ്യുതലൈനിൽനിന്ന് ഷോക്കേറ്റത്. ഗുരുതര പരിക്കേറ്റ ആദർശിനെ തൃശ്ശൂർ മെഡിക്കൽകോളേജിൽ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 3.10ഓടെയാണ് സംഭവം. സുഹൃത്ത് കൊന്നഞ്ചേരി സ്വദേശി ജെബ്രിനൊപ്പം സ്കൂട്ടറിലാണ് ആദർശ് സ്റ്റേഷനിലെത്തിയത്. ഇരുവരും ഗുഡ്സ് ഷെഡ്ഡിന് സമീപം എത്തിയശേഷം ആദർശ് 11-ാം നമ്പർ ട്രാക്കിൽ നിർത്തിയിട്ടിരുന്ന ഗുഡ്സ് വാഗണിൽ കയറുകയായിരുന്നെന്ന് ആർ.പി.എഫ്. അധികൃതർ പറഞ്ഞു.

മുകളിൽക്കയറിയ വിദ്യാർഥി മൊബൈൽഫോണിൽ ചിത്രമെടുക്കാൻ ശ്രമിക്കുന്നതിനിടെ തീവണ്ടിക്ക് വൈദ്യുതിനൽകുന്ന ഹൈടെൻഷൻ ലൈനിൽത്തട്ടി ഷോക്കേൽക്കുകയായിരുന്നു. വിവരമറിഞ്ഞ് സംഭവസ്ഥലത്ത് ഓടിയെത്തിയ ആർ.പി.എഫ്. ജീവനക്കാർ പ്രഥമശുശ്രൂഷ നൽകിയശേഷം ജെബ്രിന്റെയും നാട്ടുകാരുടെയും സഹായത്തോടെ ആദർശിനെ ജില്ലാ ആശുപത്രിയിലെത്തിച്ചു. ബന്ധുക്കളെത്തി പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. പാമ്പാടി സ്വകാര്യകോളേജിലെ വിദ്യാർഥിയാണ് ആദർശ്.