വാരണാസിയിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണം; ഹര്‍ജ്ജിയില്‍ മോദിക്ക് അലഹബാദ് ഹൈക്കോടതി നോട്ടീസയച്ചു

single-img
20 July 2019

വാരണാസിയിലെ തെരഞ്ഞെടുപ്പ് അസാധുവായി പ്രഖ്യാപിക്കണമെന്ന ഹര്‍ജിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അലഹബാദ് ഹൈക്കോടതി നോട്ടീസയച്ചു. മോദിക്കെതിരെ സമാജ്‌വാദ് പാര്‍ട്ടി സ്ഥാനാര്‍ഥിയായി നാമനിര്‍ദേശക പത്രിക സമര്‍പ്പിച്ച തേജ് ബഹാദൂര്‍ യാദവാണ് ഹര്‍ജി നല്‍കിയത്.

മോദി നാമനിര്‍ദേശ പത്രികയില്‍ കുടുംബാംഗങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയിട്ടില്ലെന്നാണ് തേജ്ബഹാദൂര്‍ ആരോപിക്കുന്നത്. മോദിയുടെ നിര്‍ദേശ പ്രകാരമാണ് തന്റെ നാമനിര്‍ദേശ പത്രിക തള്ളിയതെന്നും തേജ്ബഹാദൂര്‍ ഹര്‍ജിയില്‍ പറയുന്നുണ്ട്. കേസ് ആഗസ്റ്റ് 21ന് വീണ്ടും പരിഗണിക്കും.

നേരത്തെ, പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാട്ടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തേജ് ബഹാദൂറിന്റെ പത്രിക തള്ളിയത്. അഴിമതി കേസിലാണോ സൈന്യത്തില്‍ നിന്ന് പുറത്താക്കപ്പെട്ടതെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചോദ്യത്തിന് ആദ്യം അതേ എന്നായിരുന്നു തേജ് ബഹാദൂര്‍ യാദവ് നല്‍കിയ മറുപടി.

പിന്നീട് പിഴവ് പറ്റിയെന്ന് ചൂണ്ടിക്കാട്ടി അത് തിരുത്തുകയും ചെയ്തു. ഇതിലെ പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാട്ടിയാണ് തേജ് ബഹാദൂറിന്റെ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയത്. ആദ്യം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പത്രിക നല്‍കിയ തേജ് ബഹാദൂര്‍ പിന്നീട് എസ്പിബിഎസ്പിആര്‍എല്‍ഡി സഖ്യ സ്ഥാനാര്‍ത്ഥിയായി പുതിയ പത്രിക നല്‍കുകയായിരുന്നു.

സൈന്യത്തിലെ അഴിമതി സോഷ്യല്‍ മീഡിയയിലൂടെ വിളിച്ചുപറഞ്ഞതിന് 2017ലാണ് തേജ് ബഹാദൂര്‍ യാദവിനെ ബിഎസ്എഫ് പുറത്താക്കിയത്. പ്രതിഷേധ സൂചകമായാണ് തേജ് ബഹദൂര്‍ പ്രധാനമന്ത്രിക്കെതിരെ സ്ഥാനാര്‍ത്ഥിയായി എത്തിയത്.