യൂണിവേഴ്‌സിറ്റി കോളേജില്‍ പിടിമുറുക്കി സര്‍ക്കാര്‍; വിദ്യാര്‍ഥികളെ നിര്‍ബന്ധിച്ച് സമരങ്ങള്‍ക്കിറക്കുന്നത് തടയും

single-img
20 July 2019

യൂണിവേഴ്‌സിറ്റി കോളേജില്‍ കൂടുതല്‍ ‘ശുദ്ധീകരണ’ നടപടികളുമായി സര്‍ക്കാര്‍. വിദ്യാര്‍ഥികളെ ഇവിടെ നിന്ന് നിര്‍ബന്ധിച്ച് സമരങ്ങള്‍ക്കിറക്കുന്നത് തടയുമെന്നും വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിന് നിയമം കൊണ്ടുവരുമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീല്‍ പറഞ്ഞു.

കോളേജിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ അധ്യാപകരെ സ്ഥലം മാറ്റുമെന്ന് മന്ത്രി വ്യക്തമാക്കി. യൂണിയന്‍ ഓഫീസിനുള്ളില്‍ നിന്നും അഖിലിനെ കുത്തിയ കേസിലെ മുഖ്യപ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും സര്‍വകലാശാല ഉത്തരക്കടലാസുകള്‍ കണ്ടെടുത്ത സംഭവത്തില്‍ അധ്യാപകര്‍ക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കുമെന്നും ജലീല്‍ അറിയിച്ചു.

മുമ്പ് നിഖില എന്ന പെണ്‍കുട്ടി ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവത്തിനു ശേഷവും ഇത്തരം ചില നിര്‍ദേശങ്ങള്‍ മുന്നോട്ട് വച്ചിരുന്നുവെന്നും എന്നാല്‍, അതൊന്നും നടപ്പായില്ലെന്നും ഇനി മുതല്‍ കര്‍ശനമായ നടപടികളിലൂടെ അക്കാഡമിക് രംഗം മെച്ചപ്പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

യൂണിവേഴ്‌സിറ്റി കോളേജില്‍ സംഘര്‍ഷത്തിനിടെ വിദ്യാര്‍ത്ഥിക്ക് നേരെ വധശ്രമമുണ്ടായ സംഭവത്തില്‍ വ്യാപക പ്രതിഷേധമാണുയര്‍ന്നത്. അന്വേഷണത്തില്‍ കേരള സര്‍വ്വകലാശാല പരീക്ഷാക്രമക്കേട് ഉള്‍പ്പടെയുള്ളവ കണ്ടെത്തിയിരുന്നു. തുടര്‍ന്ന്, സര്‍വ്വകലാശാല വൈസ് ചാന്‍സലറെ ഗവര്‍ണര്‍ വിളിച്ചുവരുത്തിയിരുന്നു. വൈസ് ചാന്‍സലര്‍ വി പി മഹാദേവന്‍പിള്ള രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തില്‍ വെള്ളിയാഴ്ച നേരിയതോതില്‍ സംഘര്‍ഷമുണ്ടായിരുന്നു.