സ്‌കൂളില്‍ ഉച്ചഭക്ഷണത്തിന്റെ കൂടെ നല്‍കുന്ന മുട്ട ഒഴിവാക്കണമെന്ന് ബിജെപി; സാധ്യമല്ലെന്ന് കോണ്‍ഗ്രസ് സര്‍ക്കാര്‍

single-img
20 July 2019

ഛത്തീസ്ഗഡിലെ സ്‌കൂളുകളിൽ ഉച്ചഭക്ഷണത്തിന്റെ കൂടെ നല്‍കുന്ന മുട്ട ഒഴിവാക്കണമെന്ന് ബിജെപി. സസ്യാഹാരം കഴിക്കുന്ന കുട്ടികളെ നിര്‍ബന്ധിച്ച് മുട്ട കഴിപ്പിക്കുന്നുവെന്ന് കാണിച്ചാണ് ബിജെപിയുടെ പ്രതിഷേധം. പക്ഷെ ബിജെപിയുടെ ആരോപണം കോണ്‍ഗ്രസ് സര്‍ക്കാര്‍ നിഷേധിച്ചു.

കുട്ടികളിലുണ്ടാകുന്ന പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനാണ് മുട്ട ഏര്‍പ്പെടുത്തിയതെന്നും അതു കഴിക്കല്‍ നിര്‍ബന്ധമല്ലെന്നും സര്‍ക്കാര്‍ വിശദീകരിച്ചു. മുട്ട വേണ്ട എന്നുള്ള കുട്ടികള്‍ക്ക് പഴവും, പാലും തെരഞ്ഞെടുക്കാനുള്ള സൗകര്യമുണ്ട്. അധികൃതർ രക്ഷകര്‍ത്താക്കളോട് ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ വിശദീകരണത്തില്‍ പറയുന്നു.

കഴിഞ്ഞ തവണ അധികാരത്തിൽ ഉണ്ടായിരുന്ന ബിജെപി സര്‍ക്കാരാണ് ഛത്തീസ്ഗഡില്‍ ഉച്ചഭക്ഷണത്തിന്റെ കൂടെ നൽകിവന്ന മുട്ട നിരോധിച്ചത്. മത വിശ്വാസത്തെ തകര്‍ക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ഇപ്പോൾ പുതുതായി വന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ വീണ്ടും മുട്ട കൊണ്ടുവരികയായിരുന്നു. നിലവിൽ ധാരാളം സംസ്ഥാനങ്ങളിൽ കുട്ടികൾക്ക് ഉച്ചഭക്ഷണത്തിന്റെ കൂടെ മുട്ട നൽകി വരുന്നുണ്ട്. അതേപോലെ മുട്ട കഴിക്കാത്ത കുട്ടികൾക്ക് പഴവും നൽകാറുള്ളതാണ്.