വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍നിന്ന് ധോണി പിന്‍മാറി • ഇ വാർത്ത | evartha
Breaking News, Sports

വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍നിന്ന് ധോണി പിന്‍മാറി

വിരമിക്കല്‍ വാര്‍ത്തകള്‍ സജീവമായിരിക്കെ അടുത്ത രണ്ട് മാസത്തേക്ക് പാരാ റെജിമെന്റില്‍ ചേരുകയാണെന്ന് എം.എസ് ധോണി ബി.സി.സി.ഐയെ അറിയിച്ചു. അടുത്ത മാസം നടക്കുന്ന വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ ഇതോടെ ധോണിയുണ്ടാകില്ല. ടെറിട്ടോറിയല്‍ ആര്‍മിയുടെ പാരച്യൂട്ട് റെജിമെന്റില്‍ ലെഫ്റ്റനന്റ് കേണലിന്റെ ഹോണററി പദവി വഹിക്കുകയാണ് ധോണി.

വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുളള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ നാളെയാണ് പ്രഖ്യാപിക്കുന്നത്. മൂന്ന് ഫോര്‍മാറ്റിലും കോലി തന്നെ ഇന്ത്യയെ നയിക്കുമെന്നാണ് സൂചന. തുടര്‍ച്ചയായി മല്‍സരങ്ങള്‍ കളിക്കുന്നത് പരിഗണിച്ച് ജസ്പ്രീത് ബുംറ, ഹാര്‍ദിക് പാണ്ഡ്യ തുടങ്ങിയവര്‍ക്ക് ഏകദിനത്തിലും ട്വന്റി–20യിലും വിശ്രമം നല്‍കാനിടയുണ്ട്.

ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍, ഖലീല്‍ അഹമ്മദ് തുടങ്ങിയ യുവതാരങ്ങള്‍ക്ക് അവസരം ലഭിച്ചേക്കും. ഋഷഭ് പന്ത് വിന്‍ഡീസില്‍ ടെസ്റ്റ്, ഏകദിന, ട്വന്റി ട്വന്റി പരമ്പരകളില്‍ വിക്കറ്റ് കീപ്പറാകും. മൂന്ന് വീതം ഏകദിനവും ട്വന്റി–20യും, രണ്ട് ടെസ്റ്റ് മല്‍സരങ്ങളുമാണ് പര്യടനത്തിലുള്ളത്. സെലക്ഷന്‍ കമ്മറ്റി യോഗം വിളിക്കേണ്ടത് കമ്മിറ്റി ചെയര്‍മാന്‍ ആയിരിക്കണമെന്ന് ഭരണസമിതി നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് വെള്ളിയാഴ്ച നടക്കേണ്ടിയിരുന്ന ടീം പ്രഖ്യാപനം നാളത്തേക്ക് മാറ്റിയത്.

അതേസമയം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ ധോണിക്ക് ഉടന്‍ പദ്ധതിയില്ലെന്ന് അദ്ദേഹത്തിന്റെ ദീര്‍ഘകാല സുഹൃത്തും ബിസിനസ്സ് പങ്കാളിയുമായ അരുണ്‍ പാണ്ഡെ പറഞ്ഞു. അദ്ദേഹത്തിന് ഉടനടി വിരമിക്കാനുള്ള പദ്ധതികളൊന്നുമില്ല. അദ്ദേഹത്തെപ്പോലുള്ള ഒരു മികച്ച കളിക്കാരന്റെ ഭാവിയെക്കുറിച്ചുള്ള നിരന്തരമായി ഊഹങ്ങള്‍ നടത്തുന്നത് നിര്‍ഭാഗ്യകരമാണ് അരുണ്‍ പാണ്ഡെ വ്യക്തമാക്കി.