സയനൈഡ് മോഹന്‍ അഥവാ, ദക്ഷിണേന്ത്യയെ ഞെട്ടിച്ച ക്രൂരനായ പരമ്പര കൊലയാളി; ഇപ്പോള്‍ 15ാം കൊലപാതക കേസിലും ജീവപര്യന്തം

single-img
20 July 2019

ദക്ഷിണേന്ത്യയെയാകെ ഞെട്ടിച്ച അതിക്രൂരനായ ഒരു പരമ്പര കൊലയാളിയാണ് സയനൈഡ് മോഹൻ. കേരളത്തില്‍ നിന്നും കർണ്ണാടകത്തില്‍ നിന്നുമായി 20 ഓളം യുവതികളെ തന്റെ മോഹവലയത്തിൽ പെടുത്തി നാടുകടത്തിയ ശേഷം സയനൈഡ് ചേർത്ത മരുന്ന് നൽകി കൊലപ്പെടുത്തി കടന്നുകളഞ്ഞിട്ടുണ്ട് ഇയാള്‍.

കാസര്‍കോട് ജില്ലയിലെ പൈവളിഗെ സ്വദേശിനിയായ യുവതിയെ കര്‍ണാടകയിലെ മടിക്കേരിയിലെത്തിച്ച് സ്വര്‍ണാഭരണം കവര്‍ന്ന് കൊലപ്പെടുത്തിയ കേസില്‍ ഇപ്പോള്‍ സയനൈഡ് മോഹന് വീണ്ടുമൊരു ജീവപര്യന്തം തടവുശിക്ഷ ലഭിച്ചു. ആകെയുള്ള 20 കേസുകളിൽ 15ാമത്തെ കേസിലാണ് ഇയാളെ കഴിഞ്ഞ ദിവസം മംഗലുരു ആറാം നമ്പർ അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. ബാക്കിയുള്ള അഞ്ച് കേസുകൾ വിചാരണയിലിരിക്കെ പ്രതിക്ക് വധശിക്ഷയടക്കമുള്ള ശിക്ഷ ലഭിച്ചിട്ടുണ്ട്. ദക്ഷിണ കന്നഡ ജില്ലയിലെ ബണ്ട്വാള്‍ കന്യാന സ്വദേശിയാണ് മോഹൻകുമാർ.

കാസര്‍കോട് പൈവളിഗെ സ്വദേശിനിയായ വിജയലക്ഷ്‌മിയെന്ന 26 കാരിയെ മടിക്കേരിയില്‍ എത്തിച്ച് സയനൈഡ് നൽകി കൊലപ്പെടുത്തിയ ശേഷം ആഭരണങ്ങള്‍ കവർന്നതായി കോടതിക്ക് ബോധ്യമായി. എന്നാല്‍ യുവതി പീഡിപ്പിക്കപ്പെട്ടു, ഇവരെ തട്ടിക്കൊണ്ടുപോയതാണ് തുടങ്ങിയ ആരോപണങ്ങൾ കോടതി തെളിവുകളുടെ അഭാവത്തിൽ തള്ളി.

സ്വകാര്യഇന്‍ഷുറന്‍സ് കമ്പനി ജീവനക്കാരനായ സുധാകര്‍ എന്ന് പരിചയപ്പെടുത്തിയാണ് മോഹന്‍കുമാര്‍ യുവതിയുമായി ചങ്ങാത്തത്തിലായത്. ഇവിടെ ഒരു വീട്ടിൽ വേലക്കാരിയായി ജോലി ചെയ്യുകയായിരുന്നു യുവതി. കര്‍ണാടകയിലെ മടിക്കേരിയില്‍ ജോലി തരപ്പെടുത്തിക്കൊടുക്കാമെന്നു പറഞ്ഞ് 2006 മാര്‍ച്ച് 20-ന് യുവതിയെ മംഗളൂരുവിലേക്കു വിളിച്ചുവരുത്തി. അവിടേക്ക് യുവതിക്കൊപ്പം വന്ന ബന്ധുവായ സ്ത്രീയെ മടക്കി അയച്ച ശേഷം ആ രാത്രി ഇരുവരും ഹോട്ടൽ മുറിയിൽ ഒരുമിച്ച് താമസിച്ചുവെന്നാണ് പൊലീസ് കണ്ടെത്തൽ.

പിറ്റേ ദിവസം ക്ഷേത്രത്തിൽ പോകാമെന്ന് പറഞ്ഞ് യുവതിയുമായി മടിക്കേരി ബസ് സ്റ്റാന്റിലെത്തിയ മോഹൻ കുമാർ, ഗർഭനിരോധന ഗുളികയെന്ന് തെറ്റിദ്ധരിപ്പിച്ച് സയനൈഡ് നൽകുകയായിരുന്നു. ഗുളികയുമായി ബസ് സ്റ്റാന്റിലെ ശുചിമുറിയിൽ പോയി ആരും കാണാതെ കഴിക്കാനായിരുന്നു മോഹൻ ആവശ്യപ്പെട്ടത്. ഇയാളെ അനുസരിച്ച യുവതി ശുചിമുറിയിൽ രക്തം ഛർദ്ദിച്ച് മരിച്ചുവീണു.

ഇതിന് പിന്നാലെ ഹോട്ടൽ മുറിയിലെത്തിയ മോഹൻ, യുവതിയുടെ സ്വർണ്ണാഭരണങ്ങളും പണവും അപഹരിച്ച് കടന്നുകളഞ്ഞു. ബാക്കിയുള്ള 19 കേസുകളിലും സമാനമായ രീതിയിലാണ് പ്രതി കൊലപാതകം നടത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ആദ്യം പിടിക്കപ്പെട്ടപ്പോൾ തന്നെ മോഹൻ, അയാൾ കൊലപ്പെടുത്തിയ 18 കേസുകളെ കുറിച്ചുള്ള വിവരങ്ങൾ പോലീസിനോട് പറഞ്ഞിരുന്നു. തുടര്‍ന്നുള്ള പോലീസ് അന്വേഷണത്തിൽ മറ്റ് രണ്ട് കേസുകൾ കൂടി തെളിഞ്ഞു. കോടതികളില്‍ നിന്നും വധശിക്ഷയടക്കം ആയുസ്സിൽ അനുഭവിച്ചുതീർക്കാൻ സാധിക്കാത്തത്ര ജീവപര്യന്തം തടവിന് ഇയാൾ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.

ദക്ഷിണകന്നഡയില്‍ ഉള്‍പ്പെട്ട ജില്ലയിലെ ബന്ത്‌വൽ സ്വദേശിയാണ് മോഹൻ കുമാർ. ഇവിടെയുള്ള ഒരു പ്രൈമറി സ്‌കൂളിൽ ഫിസിക്കൽ എഡുക്കേഷൻ അദ്ധ്യപകനുമായിരുന്നു. അതിന് ശേഷമാണ് പല പേരുകളിൽ പല നാടുകളിൽ പല ജോലിക്കാരനായി കൊലപാതകങ്ങൾ നടപ്പിലാക്കിയത്. ബരിമാരു ഗ്രാമവാസിയായിരുന്ന 22കാരിയായ അനിതയെ കാണാതായ കേസിലെ അന്വേഷണമാണ് ഇയാളിലേക്ക് എത്തിയത്. അനിതയുടെ ഫോണിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇത് മുൻപ് ഉപയോഗിച്ചിരുന്നത് മോഹനാണെന്ന് കണ്ടെത്തുന്നത്. ഇരുവരും തമ്മിൽ നിരവധി തവണ ഫോണിൽ സംസാരിച്ചിട്ടുണ്ടെന്നും വ്യക്തമായതോടെ മോഹനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.

മോഹനാല്‍ കൊല്ലപ്പെട്ട 18 യുവതികളിൽ നാല് പേർ പ്രതിയുടെ നാടായ ബന്ത്‌വൽ താലൂക്കിലെയും രണ്ട് പേർ സുള്ള്യയിലെയും മൂന്ന് പേർ പുത്തൂറിലെയും ഒരാൾ മൂഡബിദ്രിയിലെയും രണ്ട് പേർ ബൽത്തങ്ങാടിയിലെയും ഒരാൾ മംഗലുരുവിലെയും നിവാസികളായിരുന്നു. ഇതില്‍ പത്ത് കൊലപാതകങ്ങള്‍ നടന്നത് മൈസുരു ബസ് സ്റ്റാന്റിലാണ്. മൂന്ന് പേരെ മടിക്കേരി ബസ് സ്റ്റാന്റിലും രണ്ട് പേരെ ഹാസ്സൻ ബസ് സ്റ്റാന്റിലും രണ്ട് പേരെ ബെംഗലുരുവിലെ ബസ് സ്റ്റാന്റിലും മറ്റൊരാളെ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലും കൊലപ്പെടുത്തി.