ബ്രിട്ടീഷ് എണ്ണ ടാങ്കര്‍ പിടിച്ചെടുത്ത് ഇറാന്‍; വീണ്ടും സംഘര്‍ഷസാധ്യത • ഇ വാർത്ത | evartha
Breaking News

ബ്രിട്ടീഷ് എണ്ണ ടാങ്കര്‍ പിടിച്ചെടുത്ത് ഇറാന്‍; വീണ്ടും സംഘര്‍ഷസാധ്യത

ബ്രിട്ടന്റെ എണ്ണക്കപ്പല്‍ പിടിച്ചെടുത്തതായി ഇറാന്‍. ഇറാന്റെ റവല്യൂഷനറി ഗാര്‍ഡിന്റെ നാവിക വിഭാഗമാണ് കപ്പല്‍ പിടിച്ചെടുത്തതായി അവകാശവാദമുന്നയിച്ചത്. ഹോര്‍മുസ് കടലിടുക്കിലാണ് കപ്പല്‍ പിടിച്ചെടുത്തത്. ഇതോടെ ഹോര്‍മൂസ് കടലിടുക്കില്‍ വീണ്ടും സംഘര്‍ഷസാധ്യതയായി. നിലവിലെ സാഹചര്യം ചര്‍ച്ചചെയ്യാന്‍ ബ്രിട്ടന്‍ അടിയന്തര കാബിനറ്റ് യോഗം വിളിച്ചു.

23 അംഗ നാവിക സംഘമാണ് ഈ എണ്ണ ടാങ്കറിലുള്ളത്. മറ്റൊരു എണ്ണ ടാങ്കറും ഇറാന്‍ പിടിച്ചെടുത്തതായി സൂചനയുണ്ട്. സ്വതന്ത്ര കടല്‍ ഗതാഗതം തടഞ്ഞ ഇറാനെതിരെ രൂക്ഷമായാണ് ബ്രിട്ടന്‍ പ്രതികരിച്ചത്. ഉപരോധങ്ങള്‍ക്കൊണ്ട് വീര്‍പ്പുമുട്ടിക്കുന്ന പാശ്ചാത്യ രാജ്യങ്ങള്‍ക്കുള്ള മറുപടിയാണ് ഇറാന്റെ ഹോര്‍മൂസ് കടലിടുക്കിലെ പുതിയ നീക്കം.

ലോകത്തിലെ എണ്ണയുടെ ആറിലൊന്നും എല്‍.എന്‍.ജിയുടെ മൂന്നിലൊന്നും കടന്നുപോകുന്ന ഹോര്‍മൂസ് കടലിടുക്കില്‍ വീണ്ടും അശാന്തിയുടെ അന്തരീക്ഷം പടര്‍ത്തുന്നതാണ് പുതിയ സാഹചര്യം. തങ്ങളുടെ എണ്ണ കയറ്റുമതി നിര്‍ത്തണ്ടി വന്നാല്‍ ഹോര്‍മൂസ് കടലിടുക്ക് വഴി എണ്ണ കൊണ്ടുപോകാന്‍ ആരെയും അനുവദിക്കില്ലെന്ന ഇറാന്റെ നയമാണ് നിലവില്‍ നടപ്പിലാവുന്നത്.