അരൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് ബിജെപി; ഇല്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി

single-img
19 July 2019

അരൂര്‍ ഉപതെരഞ്ഞെടുപ്പില്‍ തുഷാര്‍ വെള്ളാപ്പള്ളി സ്ഥാനാര്‍ത്ഥിയാകണമെന്ന് ബിജെപി. ബിഡിജെഎസ്സുമായുള്ള ഉഭയകക്ഷി ചര്‍ച്ചയിലാണ് തുഷാര്‍ മത്സരിക്കണമെന്ന ആവശ്യം ബിജെപി മുന്നോട്ട് വച്ചത്. പൊതുവേ തങ്ങള്‍ക്ക് വലിയ സ്വാധീനമില്ലാത്ത അരൂരില്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയിലൂടെ സാമുദായികമായ വോട്ടുകളിലാണ് ബിജെപിയുടെ കണ്ണ്.

ഇക്കാര്യം ഫലപ്രദമാകണമെങ്കില്‍ തുഷാറിനെ പോലെ ഒരാള്‍ മത്സരിക്കേണ്ടതുണ്ട് എന്നും ബിജെപി കണക്കുകൂട്ടുന്നു. 2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ ബിഡിജെഎസിന് കിട്ടിയത് 27,000 വോട്ടുകളാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അരൂര്‍ മണ്ഡലത്തില്‍ കിട്ടിയത് 25,000 വോട്ടുകളും.

ഈ സാഹചര്യത്തില്‍ അരൂരില്‍ ശക്തമായ മത്സരത്തിന് തുഷാര്‍ വേണമെന്നാണ് നിര്‍ദ്ദേശം. എസ്എന്‍ഡിപി യോഗത്തിന് മണ്ഡലത്തിലുള്ള സ്വാധീനം കൂടി കണ്ടാണ് ബിജെപി നീക്കം. ഒപ്പം ബിജെപി വിരുദ്ധ നിലപാട് തുടരുന്ന വെള്ളാപ്പള്ളിയെ സമ്മര്‍ദ്ദത്തിലാക്കുകയും ലക്ഷ്യമാണ്.

എന്നാല്‍, എസ്എന്‍ഡിപി പിന്തുണയില്ലാതെ അരൂരില്‍ ഇറങ്ങുന്നതിന് തുഷാറിന് താല്പര്യമില്ല. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് ഏറ്റവും കുറവ് വോട്ടുകള്‍ കിട്ടിയ മണ്ഡലങ്ങളില്‍ ഒന്നായിരുന്നു അരൂരെന്നതാണ് തുഷാറിന്റെ വിമുഖതയ്ക്ക് കാരണം.

നേരത്തേ വയനാട്ടില്‍ രാഹുലിനെതിരേ മത്സരിച്ച് മൂന്നാമത് എത്തിയ തുഷാറിന് നേടാനായത് വെറും ഏഴ് ശതമാനം വോട്ടുകള്‍ മാത്രമായിരുന്നു. അതേസമയം നിര്‍ബ്ബന്ധം പിടിച്ച് നേടിയെടുത്ത അരൂര്‍ സീറ്റില്‍ മത്സരിക്കാനില്ലെന്ന തുഷാര്‍ വെള്ളാപ്പള്ളിയുടെ തീരുമാനം ബിജെപിയെ ചൊടിപ്പിച്ചിരിക്കുകയാണ്. മറ്റേതെങ്കിലും സീറ്റ് ബിഡിജെഎസിന് നല്‍കണമോ എന്ന് ഇതുവരെ തീരുമാനമെടുത്തിട്ടില്ല.