‘ആഭ്യന്തര മന്ത്രിയോട് സംസാരിക്കാനാണ് വന്നത്, ബിജെപി അധ്യക്ഷനോടല്ല’: പരാതി പറയാനെത്തിയ സി.പി.എം വനിത എം.പിയെ ബി.ജെ.പിയിലേക്ക് ക്ഷണിച്ച അമിത് ഷാ ‘നാണംകെട്ടു’

single-img
19 July 2019

ത്രിപുരയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്താനായി കൂടിക്കാഴ്ച്ചയ്ക്ക് എത്തിയ സിപിഎം രാജ്യസഭ അംഗം ഝര്‍ണാ ദാസിനോട് ബിജെപിയില്‍ ചേരാന്‍ നിര്‍ദേശിച്ച് ആഭ്യന്തരമന്ത്രി അമിത്ഷാ. ഒരു മാര്‍ക്‌സിസ്റ്റ്കാരന്‍ അവശേഷിച്ചാലും നിങ്ങള്‍ക്കെതിരെ പോരാടുമെന്ന് തിരിച്ചടിച്ച് ഝര്‍ണാ ദാസ്. എം.പിമാരേയും എം.എല്‍.എമാരേയും വിലക്കെടുത്ത് ശീലിച്ച അമിത്ഷായ്ക്ക് മുഖത്തേറ്റ അടി പോലെയായി ത്രിപുരയിലെ ഏക രാജ്യസഭ അംഗമായ ഝര്‍ണാ ദാസിന്റെ മറുപടി.

ഈ മാസം 16നുണ്ടായ സംഭവം ഝര്‍ണാദാസ് തന്നെയാണ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. 16ന് വൈകീട്ട് അഞ്ചുമണിക്കാണ് അമിത് ഷായുമായുള്ള കൂടിക്കാഴ്ച്ചക്ക് സമയം അനുവദിച്ചിരുന്നത്. എന്നാല്‍ ഓഫീസിലെത്തിയപ്പോള്‍ സഹമന്ത്രിയുമായി കൂടിക്കാഴ്ച്ചയിലാണെന്നായിരുന്നു മറുപടി. ഏഴുമണി വരെ കാത്തിരുന്നശേഷമാണ് അമിത്ഷായെ കാണാനായത്.

ത്രിപുരയില്‍ ബി.ജെ.പിക്കാരല്ലാത്തവര്‍ക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പോലും നാമനിര്‍ദേശ പത്രിക നല്‍കാന്‍കഴിയാത്ത സ്ഥിതിയാണെന്ന് ഝര്‍ണാദാസ് പറയുന്നു. പത്രിക നല്‍കിയ സി.പി.എം വനിതാ നേതാവിന്റെ ഭര്‍ത്താവിനെ കൊലപ്പെടുത്തുകയും ചെയ്തു. ഇക്കാര്യങ്ങളെക്കുറിച്ച് പരാതി പറയാനായിരുന്നു ഝര്‍ണാദാസ് എത്തിയത്.

എന്നാല്‍, കൂടിക്കാഴ്ച്ചക്കെത്തിയപ്പോള്‍ എന്താണ് വിഷയമെന്ന് പോലും ചോദിക്കാതെ ബി.ജെ.പിയിലേക്ക് ക്ഷണിക്കുകയാണ് അമിത്ഷാ ചെയ്തത്. ‘സി.പി.എം ത്രിപുരയില്‍ തീര്‍ന്നില്ലേ, ഭാവി വേണമെങ്കില്‍ ബി.ജെ.പിയിലേക്ക് വരൂ’ എന്നായിരുന്നു അമിത് ഷായുടെ ക്ഷണം. താന്‍ വന്നത് ബി.ജെ.പി അധ്യക്ഷനെ കാണാനല്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രിയെയാണെന്നുമായിരുന്നു ഝര്‍ണാദാസ് ഇതിന് മറുപടി നല്‍കിയത്.

‘സി.പി.എം എത്ര തീര്‍ന്നാലും അവസാനം ഒരാള്‍ മാത്രം അവശേഷിക്കുന്ന സാഹചര്യമായാലും നിങ്ങള്‍ക്കും നിങ്ങളുടെ പാര്‍ട്ടിക്കുമെതിരെ പോരാടും’ എന്ന് ഝര്‍ണാദാസ് പറഞ്ഞു.