പ്രിയങ്ക ഗാന്ധിയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് രാഹുല്‍ ഗാന്ധി

single-img
19 July 2019

എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധിയെ കസ്റ്റഡിയില്‍ എടുത്തത് യോഗി സര്‍ക്കാരിന്റെ അധികാര ദുര്‍വിനിയോഗമെന്ന് രാഹുല്‍ഗാന്ധി. ഇത് നിയമവിരുദ്ധമാണെന്നും അസ്വസ്ഥതപ്പെടുത്തുന്നുണ്ടെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.

‘ഉത്തര്‍പ്രദേശിലെ സോന്‍ഭാദ്രയില്‍ പ്രിയങ്കയെ അനധികൃതമായി അറസ്റ്റ് ചെയ്തത് അസ്വസ്ഥതയുണ്ടാക്കുന്നു. സ്വന്തം ഭൂമി വിട്ടുനല്‍കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ വെടിവെച്ചു കൊന്ന ഒമ്പത് ദളിതരുടെ ബന്ധുക്കളെ സന്ദര്‍ശിക്കാനെത്തിയ പ്രിയങ്കയെ തടഞ്ഞത് ബി.ജെ.പി സര്‍ക്കാരിന്റെ അരക്ഷിതാവസ്ഥ വെളിവാക്കുന്നതാണ്.’ രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

ഭൂമിതര്‍ക്കത്തെ തുടര്‍ന്ന് രണ്ട് വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ യുപിയിലെ സോന്‍ഭദ്രയില്‍ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ഒമ്പത് ദളിതരുടെ ബന്ധുക്കളെ കാണാനെത്തിയപ്പോളാണ് പ്രിയങ്ക ഗാന്ധിയെ മിര്‍സാപ്പൂരില്‍ വെച്ച് പൊലീസ് തടഞ്ഞത്.

ഇതോടെ എസ്പിജി വാഹനത്തില്‍ നിന്ന് ഇറങ്ങി റോഡില്‍ കുത്തിയിരുന്ന പ്രിയങ്കയെ കസ്റ്റഡിയിലെടുത്ത് പൊലീസ് മിര്‍സാപ്പൂരിലെ ഗസ്റ്റ് ഹൗസിലേക്ക് മാറ്റുകയായിരുന്നു. എന്തിന് തന്നെ പൊലീസ് തടഞ്ഞുവെന്ന് വ്യക്തമാക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് പ്രിയങ്കഗാന്ധി വ്യക്തമാക്കി.

സംഘര്‍ഷസാധ്യത കണക്കിലെടുത്ത് മിര്‍സാപ്പൂരില്‍ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. 2011ല്‍ കര്‍ഷകരെ കാണാനെത്തിയ രാഹുല്‍ ഗാന്ധിയെ ഭാട്ടാപ്രസോളില്‍ നിന്ന് യുപി പൊലീസ് അറസ്റ്റ് ചെയ്തതത് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു.