ആനക്കൊമ്പ് പരമ്പരാഗതമായി കിട്ടിയത്; മോഹന്‍ലാലിനെ പിന്തുണച്ച് വനം വകുപ്പ് ഹൈക്കോടതിയില്‍

single-img
19 July 2019

ആനക്കൊമ്പ് അനധികൃതമായി കൈവശംവെച്ച കേസില്‍ നടന്‍ മോഹന്‍ലാലിനെ പിന്തുണച്ച് വനംവകുപ്പ്. ആനക്കൊമ്പ് പരമ്പരാഗതമായി ലഭിച്ചതാണെന്ന മോഹന്‍ലാലിന്റെ വാദം ശരിയാണെന്ന് വനംവകുപ്പ് ഹൈക്കോടതിയെ അറിയിച്ചു. ആനക്കൊമ്പ് നിയമപരമല്ലാത്ത വഴിയിലൂടെ കൈക്കലാക്കിയതാണെന്ന വാദം തെറ്റാണെന്നും വനംവകുപ്പ് അറിയിച്ചു.

2012ല്‍ മോഹന്‍ലാലിന്റെ വീട്ടില്‍നിന്ന് ആദായനികുതി വകുപ്പാണ് പരിശോധനയില്‍ ആനക്കൊമ്പ് പിടിച്ചെടുത്തത്. പിന്നീട് ഇതിന്റെ ഉടമസ്ഥത സര്‍ട്ടിഫിക്കറ്റ് വനംവകുപ്പ് മോഹന്‍ലാലിന് നല്‍കിയിരുന്നു. ഇതിനെതിരെ എറണാകുളം സ്വദേശി നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.

കേസില്‍ മതിയായ അന്വേഷണം നടത്താതെ ഉമസ്ഥാവകാശം മോഹന്‍ലാലിന് നല്‍കിയെന്നാണ് പരാതി. 2016ലാണ് ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. കേസില്‍ സര്‍ക്കാര്‍ നേരത്തെ വിശദീകരണം നല്‍കിയിരുന്നു.

ആനക്കൊമ്പ് പിടിച്ചെടുത്ത കേസില്‍ മോഹന്‍ലാലിനെതിരെ തുടര്‍ നടപടികള്‍ ആവശ്യമില്ലായെന്ന തരത്തിലുള്ള റിപ്പോര്‍ട്ടാണ് ഇന്ന് വനംവകുപ്പ് കോടതിയില്‍ നല്‍കിയത്. പ്രമുഖര്‍ക്കെതിരെ കേസ് കൊടുത്ത് പേരെടുക്കാനുള്ള ശ്രമമാണ് ഹര്‍ജിയുടെ പിന്നിലെന്നും വനംവകുപ്പ് ചൂണ്ടിക്കാട്ടി.