സഖ്യസര്‍ക്കാരുണ്ടാക്കാന്‍ ബിജെപി തന്നെ സമീപിച്ചിരുന്നെന്നു കുമാരസ്വാമി; കര്‍ണാടകയില്‍ കോണ്‍ഗ്രസ് വിട്ടുവീഴ്ചക്കില്ലെന്ന് കെസി വേണുഗോപാല്‍ • ഇ വാർത്ത | evartha
Breaking News

സഖ്യസര്‍ക്കാരുണ്ടാക്കാന്‍ ബിജെപി തന്നെ സമീപിച്ചിരുന്നെന്നു കുമാരസ്വാമി; കര്‍ണാടകയില്‍ കോണ്‍ഗ്രസ് വിട്ടുവീഴ്ചക്കില്ലെന്ന് കെസി വേണുഗോപാല്‍

സഖ്യസര്‍ക്കാരുണ്ടാക്കാന്‍ ബിജെപി തന്നെ സമീപിച്ചിരുന്നെന്നു കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി. നിയമസഭയില്‍ വിശ്വാസപ്രമേയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തല്‍. അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ ആഗ്രഹമില്ല. ഉച്ചയ്ക്ക് വോട്ടെടുപ്പ് നടത്തണമെന്ന ഗവര്‍ണറുടെ നിലപാട് അംഗീകരിക്കില്ലന്നും കുമാരസ്വാമി സഭയില്‍ പറഞ്ഞു.

ഉച്ചക്ക് മുന്‍പു വോട്ടെടുപ്പ് നടത്തണമെന്ന് ഗവര്‍ണര്‍ അന്ത്യശാസനം നല്‍കിയിരുന്നു. രാവിലെ 11ന് നിയമസഭ തുടങ്ങിയതോടെ വിശ്വാസപ്രമേയ ചര്‍ച്ച പുനഃരാരംഭിച്ചു. ഗവര്‍ണറുടെ നിര്‍ദേശത്തിലടക്കം വിശ്വാസവോട്ട് നടത്തിപ്പിനായി ഗവര്‍ണര്‍ വീണ്ടും നിയമോപദേശം തേടി.

അതേസമയം കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ ഗവര്‍ണര്‍ അധികാരം ദുര്‍വിനിയോഗം ചെയ്യുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍. വിപ്പ് നല്‍കാനുള്ള അവകാശത്തിന് വേണ്ടിയാണ് കോണ്‍ഗ്രസ് വാദിക്കുന്നത്. അത് ഭരണഘടനാപരമായ അവകാശമാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

ഉച്ചക്ക് ഒന്നരയ്ക്ക് മുന്‍പ് ഭൂരിപക്ഷം തെളിയിക്കണമെന്ന് എന്ത് അവകാശത്തിന്റെ പേരിലാണ് ഗവര്‍ണര്‍ പറയുന്നതെന്നും കെ സി വേണുഗോപാല്‍ ചോദിച്ചു. ഗവര്‍ണര്‍ ബിജെപിയുടെ ഏജന്റായി പ്രവര്‍ത്തിക്കുന്നു. കര്‍ണാടക ഗവര്‍ണര്‍ ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ കയ്യിലെ കളിപ്പാവയാണെന്നും കെസി വേണുഗോപാല്‍ ആരോപിച്ചു.