ഉച്ചയ്ക്ക് മുന്‍പ് വോട്ടെടുപ്പ് പറ്റില്ല; ഗവര്‍ണറുടെ നിര്‍ദേശം തള്ളി സര്‍ക്കാര്‍; കോണ്‍ഗ്രസും ബി.ജെ.പിയും സുപ്രിം കോടതിയിലേയ്ക്ക്

single-img
19 July 2019

ഉച്ചയ്ക്ക് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന ഗവര്‍ണറുടെ നിര്‍ദേശം തള്ളി കര്‍ണാടക സര്‍ക്കാര്‍. വിശ്വാസപ്രമേയത്തില്‍ നടപടി പൂര്‍ത്തിയാകാതെ വോട്ടെടുപ്പ് പറ്റില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. വിശ്വാസ പ്രമേയ നടപടികളില്‍ ഇടപെടാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നും സര്‍ക്കാര്‍ നിലപാടെടുത്തു. രാഷ്ട്രീയപ്രതിസന്ധി സങ്കീര്‍ണമായ കര്‍ണാടകയില്‍ ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് മുമ്പ് വിശ്വാസവോട്ട് തേടണമെന്ന ഗവര്‍ണറുടെ അന്ത്യശാസനം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.

ബി.ജെ.പി സംഘം നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ഗവര്‍ണര്‍, സ്പീക്കര്‍ക്ക് ആദ്യം നിര്‍ദ്ദേശം നല്‍കിയത്. ഇന്നലെ തന്നെ വിശ്വാസവോട്ട് നടത്തണമെന്നായിരുന്നു സന്ദേശം. എന്നാല്‍. സ്പീക്കര്‍ ഇത് നിരാകരിച്ചാണ് ഇന്നലെ, സഭ പിരിഞ്ഞത്.

രാത്രി ഒന്‍പതു മണിയോടെയാണ് ഗവര്‍ണര്‍, മുഖ്യമന്ത്രിയ്ക്ക് കത്തു നല്‍കിയത്. വിശ്വാസവോട്ടെടുപ്പ് നടന്നില്ലെങ്കില്‍ ഭരണഘടനാ പ്രതിസന്ധി ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. അതിനിടെ വിമത എം.എല്‍.മാരെ സഭയില്‍ ഹാജരാകാന്‍ നിര്‍ബന്ധിക്കേണ്ടതില്ലെന്ന സുപ്രിം കോടതിയുടെ ഉത്തരവില്‍ വ്യക്തത തേടി കോണ്‍ഗ്രസ് ഇന്ന് സുപ്രിം കോടതിയെ സമീപിച്ചേക്കും.

വിപ്പ് സംബന്ധിച്ച് വ്യക്തത വന്നതിനു ശേഷം മതി, സഭയില്‍ വിശ്വാസ വോട്ട് തേടലെന്ന നിലപാടാണ് കോണ്‍ഗ്രസ് ആവര്‍ത്തിയ്ക്കുന്നത്. ഗവര്‍ണറെ സമീപിച്ചിട്ടും സ്പീക്കര്‍ വിശ്വാസവോട്ടിന് നടപടി സ്വീകരിയ്ക്കാത്ത സാഹചര്യത്തില്‍, സുപ്രിം കോടതിയെ സമീപിയ്ക്കാന്‍ ബി.ജെ.പിയും തീരുമാനിച്ചിട്ടുണ്ട്. ഇന്നലെ നിയമവിദഗ്ധരുമായി ബി.ജെ.പി നേതാക്കള്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്.