‘ആര്‍എസ്‍എസുകാര്‍ ഇന്ത്യക്കാരല്ലേ’; മുഖ്യമന്ത്രിയോട് ജേക്കബ് തോമസ്

single-img
19 July 2019

ആർ എസ് എസിൽ പ്രവർത്തിക്കുന്നവർ ഇന്ത്യയിലെ ഒന്നാം നമ്പർ പൗരന്മാരാണെന്ന് മുൻ ഡി ജി പി ജേക്കബ് തോമസ്. പൊലീസ്, ആർ.എസ്.എസ്സുകാർക്ക് കാര്യങ്ങൾ ചോർത്തിക്കൊടുത്തുവെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തിന്റെ അർത്ഥമെന്താണെന്നും അദ്ദേഹം ചോദിച്ചു. കൊച്ചിയിൽ ആർ.എസ്.എസിന്റെ ഗുരുപൂജ പരിപാടിയിൽ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആർ.എസ്.എസ്സിൽ പ്രവർത്തിക്കുന്നവർ ഇന്ത്യയിലെ പൗരന്മാരാണെന്നും അദ്ദേഹം പറഞ്ഞു. സർക്കാറിന്റെ നയങ്ങൾ നടപ്പാക്കുകയാണ് ഉദ്യോഗസ്ഥരുടെ ചുമതലയെന്ന മുഖ്യമന്ത്രിയുടെ അഭിപ്രായത്തെയും ജേക്കബ് തോമസ് വിമർശിച്ചു.ആർ.എസ്.എസുമായി തനിക്ക് നേരത്തെയും ബന്ധമുണ്ട്.

കഴിഞ്ഞ വർഷം ഡൽഹിയിൽ ആർ.എസ്.എസ്.യോഗത്തിൽ പങ്കെടുത്തു. ഈ വർഷം ശബരിമലയിലും പ്രയാഗിലെ കുംഭമേളയിലും പോയിരുന്നു. ഇപ്പോൾ സമയം ഉള്ളതുകൊണ്ടാണ് കൂടുതൽ സജീവമായത്. തെരഞ്ഞെടുപ്പ് മത്സരത്തെക്കുറിച്ച് ഇപ്പോൾ ചിന്തിച്ചിട്ടില്ലെന്നും ജേക്കബ് തോമസ് പറഞ്ഞു.

ആർ.എസ്.എസ്.യോഗത്തിൽ പങ്കെടുത്തതിന് ഇനിയും നടപടിയുണ്ടാകുമോ എന്ന ചോദ്യത്തോട് ജേക്കബ് തോമസ് ഇങ്ങനെയാണ് പ്രതികരിച്ചത്- രാഷട്ര നിർമ്മാണത്തിൽ പങ്കെടുക്കുന്നവർക്ക് ധൈര്യവും കരുത്തും വേണം.