എനിക്കും സച്ചിനും സേവാഗിനും ഒരുമിച്ച് അവസരം നല്‍കാന്‍ സാധിക്കില്ലെന്ന് ധോണി പറഞ്ഞത് ഓര്‍ക്കുന്നു; ഗ്രൗണ്ട് വലുതാണ് എന്നതായിരുന്നു കാരണം; ധോണിയുടെ കാര്യത്തിലും അതുമതി: ഗംഭീര്‍

single-img
19 July 2019

ധോണിയുടെ വിരമിക്കലിനെ വൈകാരികമായി സമീപിക്കുന്നതിനു പകരം പ്രായോഗിക തീരുമാനങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടതെന്ന് ഇന്ത്യന്‍ മുന്‍ താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീര്‍. ക്യാപ്റ്റനായിരുന്ന സമയത്ത് ധോണി ഭാവി താരങ്ങളില്‍ വിശ്വാസമര്‍പ്പിച്ചതുപോലെ, ധോണിയുടെ കാര്യത്തില്‍ തീരുമാനമെടുക്കുമ്പോഴും അവസരം കാത്തിരിക്കുന്ന യുവതാരങ്ങളെ പരിഗണിക്കണമെന്ന് ഗംഭീര്‍ ആവശ്യപ്പെട്ടു.

‘ധോണി ക്യാപ്റ്റനായിരുന്ന സമയത്ത് ഭാവിയിലേക്കു നോക്കിയാണ് അദ്ദേഹം തീരുമാനങ്ങളെടുത്തിരുന്നത്. ഒരിക്കല്‍ ഓസ്‌ട്രേലിയയില്‍വച്ച്, എനിക്കും സച്ചിനും സേവാഗിനും സിബി ടൂര്‍ണമെന്റില്‍ ഒരുമിച്ച് അവസരം നല്‍കാന്‍ സാധിക്കില്ലെന്ന് ധോണി പറഞ്ഞത് ഓര്‍ക്കുന്നു. ഗ്രൗണ്ട് വലുതാണ് എന്നതായിരുന്നു കാരണം’ – ഗംഭീര്‍ പറഞ്ഞു.

‘ലോകകപ്പില്‍ യുവതാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കണമെന്നായിരുന്നു അന്ന് ധോണിയുടെ നിലപാട്. അദ്ദേഹം ടീമില്‍ ആഗ്രഹിച്ചതും യുവതാരങ്ങളെത്തന്നെ. വൈകാരികമായി കാര്യങ്ങളെ സമീപിക്കുന്നതിനേക്കാള്‍ പ്രധാനം പ്രായോഗികമായി തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതാണ്.

മാത്രമല്ല, ഇത് യുവതാരങ്ങളെ വളര്‍ത്തിയെടുക്കേണ്ട സമയമാണ്. അത് ഋഷഭ് പന്തോ, സഞ്ജു സാംസണോ, ഇഷാന്‍ കിഷനോ ഇവരൊന്നുമല്ലാതെ മറ്റൊരു വിക്കറ്റ് കീപ്പറോ ആകാം. ഇന്ത്യന്‍ ടീമിന്റെ വിക്കറ്റ് കീപ്പറാകാന്‍ കഴിവുണ്ടെന്ന് കരുതുന്ന ആരായാലും അവസരം ഉറപ്പാക്കണം’ ഗംഭീര്‍ പറഞ്ഞു.