പശുവിന്റെ പേരിൽ വീണ്ടും അരുംകൊല; ബിഹാറിൽ മൂന്നു പേരെ ജനക്കൂട്ടം തല്ലിക്കൊന്നു • ഇ വാർത്ത | evartha
National

പശുവിന്റെ പേരിൽ വീണ്ടും അരുംകൊല; ബിഹാറിൽ മൂന്നു പേരെ ജനക്കൂട്ടം തല്ലിക്കൊന്നു

ബിഹാറിൽ പശുമോഷ്ടാക്കളെന്ന് സംശയിച്ച് മൂന്ന് പേരെ നാട്ടുകാർ തല്ലിക്കൊന്നു. സരൺ ജില്ലയിലെ ബനിയാപൂരിൽ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. അയൽഗ്രാമത്തിലുള്ളവരാണ് കൊല്ലപ്പെട്ടത്. പശുവിനെ മോഷ്ടിക്കാനാണ് മൂന്നംഗ സംഘം എത്തിയതെന്ന് നാട്ടുകാർ ആരോപിച്ചു. ഇവരെ പിടികൂടിയ നാട്ടുകാർ ക്രൂരമായി മർദിക്കുകയായിരുന്നു. പൊലീസ് എത്തി മൂവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

അടുത്ത ഗ്രാമത്തിലുള്ള മൂവരും ഒരു പിക് അപ് വാനിൽ എത്തിയപ്പോഴാണ് ഇവരെ പിടികൂടിയതെന്ന് ഗ്രാമവാസികൾ പറയുന്നു. അവരുടെ വാഹനത്തിൽ ഒരു പശു ഉണ്ടായിരുന്നതായും ഇവർ ആരോപിക്കുന്നു. മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിനായി മാറ്റി. മരിച്ചവരുടെ ബന്ധുക്കളുടെ പരാതിയിൽ ഗ്രാമവാസികളായ അക്രമികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.