ഇന്ത്യയുടെ ടീം പ്രഖ്യാപനം മാറ്റിവെച്ചു

single-img
19 July 2019

വെസ്റ്റിൻ‍ഡീസിനെതിരായ പരമ്പരയ്ക്കുള്ള സാധ്യതാ ടീം പ്രഖ്യാപനം ബിസിസിഐ ഞായറാഴ്ചത്തേക്കു മാറ്റി. ടീമിനെ ഇന്നു പ്രഖ്യാപിക്കുമെന്നാണു നേരത്തെ അറിയിച്ചിരുന്നത്. സിലക്‌ഷൻ കമ്മിറ്റി യോഗം വിളിക്കേണ്ടതു ബിസിസിഐ സെക്രട്ടറിയല്ലെന്നും കമ്മിറ്റി ചെയർമാൻ ആയിരിക്കണമെന്നും ക്രിക്കറ്റ് ഭരണസമിതി നിർദേശിച്ചതിനെ തുടർന്നാണു തീയതി മാറ്റിയത്.

ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് (ബി.സി.സി.ഐ.) സെക്രട്ടറിയാണ് കാലങ്ങളായി സെലക്ഷൻ കമ്മിറ്റി യോഗം വിളിക്കുന്നത്. ഇനിമുതൽ സെക്രട്ടറി യോഗം വിളിക്കരുതെന്ന് വിനോദ് റായ് അധ്യക്ഷനായ സമിതി നിർദേശിച്ചതോടെ ടീം പ്രഖ്യാപനം മാറ്റേണ്ടിവന്നു.

സുപ്രീംകോടതിയുടെ നിർദേശപ്രകാരമാണ് വിനോദ് റായ് സമിതിയെ നിയോഗിച്ചതെങ്കിലും ഇപ്പോഴും ബി.സി.സി.ഐ. തന്നെയാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നതെന്ന ആരോപണം നേരത്തേയുണ്ട്. ബി.സി.സി.ഐ.യും സി.ഒ.എ.യും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളും പതിവാണ്. ബി.സി.സി.ഐ. ഉന്നതർ സെലക്ഷൻ കമ്മിറ്റി യോഗത്തിൽ ഇരിക്കുന്നത് നിർത്തണമെന്നും വിനോദ് റായ് സമിതി നിർദേശിച്ചിട്ടുണ്ട്.

താരങ്ങളുടെ ആരോഗ്യ പരിശോധനാ റിപ്പോർട്ട് നാളെ വൈകിട്ടേ ലഭിക്കുകയുള്ളൂ എന്നതും ടീം പ്രഖ്യാപനം മാറ്റാന്‍ കാരണമായി. 3 വീതം ട്വന്റി20, ഏകദിന മത്സരങ്ങൾക്കു പുറമേ, ലോക ടെസ്റ്റ് സീരിസിന്റെ ഭാഗമായ 2 ടെസ്റ്റുകളും പരമ്പരയിൽ ഉണ്ടാകും. മൂന്നു ഫോർമാറ്റ് മത്സരങ്ങൾക്കും വ്യത്യസ്ത ടീമിനെയാകും പ്രഖ്യാപിക്കുക. അടുത്ത മാസം മൂന്നിനു ട്വന്റി20യോടെയാണു പരമ്പരയ്ക്കു തുടക്കമാകുക.