പ്രകോപനപരമായ ടിക് ടോക്ക് വീഡിയോ; നടന്‍ അജാസ് ഖാന്‍ അറസ്റ്റില്‍ • ഇ വാർത്ത | evartha
Movies

പ്രകോപനപരമായ ടിക് ടോക്ക് വീഡിയോ; നടന്‍ അജാസ് ഖാന്‍ അറസ്റ്റില്‍

പ്രകോപനപരമായ ടിക് ടോക്ക് വീഡിയോയുമായി ബന്ധപ്പെട്ട് മുന്‍ ബോളിവുഡ് താരവും നടനുമായ അജാസ് ഖാനെ മുംബൈ സൈബര്‍ സെല്‍ അറസ്റ്റ് ചെയ്തു. ഇരു വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധ വളര്‍ത്തുന്ന ആശയം പ്രചരിപ്പിച്ചതിനാണ് അറസ്റ്റ്. ശിവസേനാ പ്രവര്‍ത്തകന്‍ രമേഷ് സോളങ്കിയുടെ പരാതിയിലാണ് അറസ്റ്റ്. ഇലക്ട്രോണിക് മാധ്യമത്തിലൂടെ വര്‍ഗീയ സ്പര്‍ദ്ധ പടര്‍ത്തിയെന്നാണ് നടനെതിരേ ചുമത്തിയ കുറ്റം.

പൊതു ജനങ്ങള്‍ക്കിടയില്‍ വര്‍ഗീയ സ്പര്‍ധയുണ്ടാക്കുന്നതും വ്യത്യസ്ത മതങ്ങളിലെ ജനവിഭാഗങ്ങള്‍ തമ്മില്‍ ശത്രുത വളര്‍ത്തുന്ന തരത്തിലുള്ള വീഡിയോകളാണ് അജാസ് ഖാന്‍ പോസ്റ്റ് ചെയ്തതെന്നും പോലീസ് പറയുന്നു. ബുധനാഴ്ചയാണ് അജാസ് അറസ്റ്റിലാവുന്നത്.

വിഷയത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഐ പി സി, ഐ ടി ആക്റ്റ് സെക്ഷന്‍ 67 എന്നീ വകുപ്പുകളിലായി അഞ്ചു വര്‍ഷത്തെ ജയില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ബൈക്ക് മോഷണക്കുറ്റമാരോപിച്ച് ജാര്‍ഖണ്ഡില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തെ തുടര്‍ന്ന് മരിച്ച തബ്രിസ് അന്‍സാരിയുടെ ജീവന് പകരം ചോദിക്കണമെന്നാവശ്യപ്പെട്ടുള്ള വീഡിയോയാണ് അജാസ് ഖാന്‍ പങ്കുവച്ചത്.

ടിക് ടോക് വീഡിയോകളിലൂടെ പ്രശസ്തരായ ടീം 7നാണ് വീഡിയോ ചെയ്തത്. പൊലീസിനെതിരേയും വീഡിയോയില്‍ പരാമര്‍ശമുണ്ടായിരുന്നു. വാറന്റ് ഇല്ലേ പൊലീസേയെന്ന കുറിപ്പോടെയായിരുന്നു വീഡിയോ അജാസ് ഖാന്‍ റീ പോസ്റ്റ് ചെയ്ത്. ഹിന്ദി സിനിമകളിലെ ഡയലോഗുകള്‍ ഉപയോഗിച്ചായിരുന്നു പരിഹാസം.

ഇതിനു മുമ്പും അജാസ് ഖാന്‍ പോലീസ് കസ്റ്റഡിയിലായിട്ടുണ്ട്. 2018 ഒക്ടോബറില്‍ മയക്കുമരുന്ന് കൈവശം വച്ചതിന്റെ പേരില്‍ മുംബൈയിലെ ഒരു ഹോട്ടലില്‍ വച്ച് നടനെ പോലീസ് പിടികൂടിയിരുന്നു. 2016ല്‍ ബ്യൂട്ടി പാര്‍ലറില്‍ ജോലി ചെയ്യുന്ന യുവതിയ്ക്ക് അശ്ലീല സന്ദേശങ്ങളും നഗ്‌നഫോട്ടോകളും അയച്ചതിന്റെ പേരിലും നടന്‍ അറസ്റ്റിലായിരുന്നു.