തൊഴിലുറപ്പ് പദ്ധതി എക്കാലവും തുടരാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

single-img
18 July 2019

രാജ്യത്തെ കോടിക്കണക്കിന് ഗ്രാമീണ തൊഴിലാളികള്‍ക്ക് ആശ്വാസമായിരുന്ന മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി എക്കാലത്തേക്കും തുടരാന്‍ സര്‍ക്കാരിന് ഉദ്ദേശ്യമില്ലെന്ന് ഗ്രാമ വികസന മന്ത്രി നരേന്ദ്ര സിങ് തോമര്‍. ലോക്‌സഭയില്‍ ധനാഭ്യര്‍ഥനാ ചര്‍ച്ചയ്ക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം. ദാരിദ്ര്യ നിര്‍മാര്‍ജനമാണ് മോദി സര്‍ക്കാറിന്‍റെ പ്രധാന ലക്ഷ്യം. എന്നാല്‍, അതിനുവേണ്ടി തൊഴിലുറപ്പ് പദ്ധതി തുടരാനാകില്ലെന്നും മറ്റ് പദ്ധതികള്‍ ആവിഷ്കരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

തൊഴിലുറപ്പു പദ്ധതിക്കുള്ള ബജറ്റ് വിഹിതം കുറഞ്ഞത് അംഗങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മന്ത്രി തൊഴിലുറപ്പ് പദ്ധതിയുടെ ഭാവി പ്രവചിച്ചത്. 2018-19 ബജറ്റ് വിഹിതവുമായാണ് ഇപ്പോഴത്തെ വിഹിതത്തെ താരതമ്യം ചെയ്യേണ്ടതെന്ന് മന്ത്രി അംഗങ്ങളോട് പറഞ്ഞു. രണ്ട് ബജറ്റുകളെയും തട്ടിച്ചുനോക്കുമ്പോള്‍ 55,000 കോടിയില്‍ നിന്ന് 60,000 കോടി ആയി വിഹിതം ഉയരുകയാണ് ചെയ്തത്. ഇപ്പോള്‍ 99 ശതമാനം പേര്‍ക്കും ബാങ്ക് വഴിയാണ് വേതനം ലഭിക്കുന്നത്. ദരിദ്രര്‍ക്കു വേണ്ടിയുള്ളതാണ് ഈ പദ്ധതി. ദാരിദ്ര്യത്തെത്തന്നെ ഇല്ലാതാക്കലാണ് മോഡി സര്‍ക്കാരിന്റെ ലക്ഷ്യമെന്നും തോമര്‍ പറഞ്ഞു.

ഒന്നാം യുപിഎ സര്‍ക്കാറിന്‍റെ അഭിമാന പദ്ധതിയായിരുന്നു മഹാത്മഗാന്ധി തൊഴിലുറപ്പ് പദ്ധതി. ഗ്രാമീണമേഖലയിലുള്ളവര്‍ക്ക് വര്‍ഷത്തില്‍ 100 തൊഴില്‍ ദിനങ്ങള്‍ ഉറപ്പാക്കുന്നതിനായിരുന്നു പദ്ധതി ആവിഷ്കരിച്ചത്. ഉല്‍പാദന വര്‍ധനവ്, സ്ഥിര ആസ്തി സൃഷ്ടിക്കുക, പരിസ്ഥിതി സംരക്ഷണം, ജീവിത നിലവാരം ഉയര്‍ത്തുക എന്നീ ലക്ഷ്യങ്ങളും ഇതോടൊപ്പം പദ്ധതിക്കുണ്ട്. ഗ്രാമസഭകളുടെ വര്‍ധിച്ച പങ്കാളിത്തം കൂടാതെ, സാമൂഹിക ഓഡിറ്റിംഗ്, പങ്കാളിത്ത ആസൂത്രണം, നടത്തിപ്പിലും മേല്‍നോട്ടത്തിലും തദ്ദേശസ്ഥാപനങ്ങളുടെ വര്‍ധിച്ച ഉത്തരവാദിത്തം എന്നീ കാര്യങ്ങളാല്‍ ജനകീയമായ അടിത്തറയാണ് പദ്ധതിയുടെ മറ്റൊരു മേന്മ.