ആയുര്‍വേദ ഭക്ഷണം നല്‍കിയാല്‍ കോഴികള്‍ ആയുര്‍വേദ മുട്ടയിടും; ചിക്കനും മുട്ടയും വെജിറ്റേറിയനായി പ്രഖ്യാപിക്കണം: ശിവസേന എംപി

single-img
18 July 2019

ചിക്കനും മുട്ടയും വെജിറ്റേറിയന്‍ ആയി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ശിവസേന എം.പി സഞ്ജയ് റാവത്ത്. ആയുര്‍വേദവുമായി ബന്ധപ്പെട്ട് രാജ്യസഭയില്‍ നടന്ന ചര്‍ച്ചക്കിടെയായിരുന്നു സഞ്ജയ് റാവത്തിന്റെ പരാമര്‍ശം. കോഴിയെയും കോഴിമുട്ടയെയും വെജിറ്റേറിയന്‍ ആയി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. 

ആയുര്‍വേദ, യോഗ, പ്രകൃതിചികിത്സ, യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നിവ ഉള്‍പ്പെടുന്ന ആയുഷ് മന്ത്രാലയം ചിക്കന്‍ വെജിറ്റേറിയന്‍ ആണോ നോണ്‍ വെജിറ്റേറിയന്‍ ആണോ എന്ന് ആലോചിക്കണമെന്നുമായിരുന്നു മുതിര്‍ന്ന പാര്‍ലമെന്റ് അംഗം കൂടിയായ റാവത്ത് പറഞ്ഞത്. 

ആയുര്‍വേദ ഭക്ഷണം നല്‍കിയാല്‍ കോഴികള്‍ ആയുര്‍വേദ മുട്ട ഇടുമെന്നും തനിക്ക് ഒരു അനുഭവമുണ്ടെന്നും പറഞ്ഞായിരുന്നു എം.പി തുടര്‍ന്ന് സംസാരിച്ചത്. ‘ഒരിക്കല്‍ ഞാന്‍ നന്ദുര്‍ബാര്‍ പ്രദേശത്ത് പോയപ്പോള്‍ അവിടുത്തെ ആദിവാസികള്‍ തനിക്ക് ആയുര്‍വേദിക് ചിക്കന്‍ നല്‍കി. എല്ലാ അസുഖങ്ങളും ഭേദമാക്കാന്‍ കഴിയുംവിധമാണ് അവര്‍ ആയുര്‍വേദ കോഴിയെ വളര്‍ത്തുന്നതെന്നും റാവത്ത് പറഞ്ഞു.  

മഞ്ഞളും പാലും ചേര്‍ത്തുള്ള പാനീയത്തിന്റെ ആരോഗ്യഗുണം തിരിച്ചറിഞ്ഞ പാശ്ചാത്യലോകം അത് ശീലമാക്കുമ്പോള്‍ ഇന്ത്യക്കാര്‍ അത് അവഗണിക്കുകയാണെന്നും റാവത്ത് ആരോപിച്ചു. പരാമര്‍ശത്തെ തുടര്‍ന്ന് സഞ്ജയ് റാവത്തിനെതിരെ സാമൂഹ്യമാധ്യമത്തില്‍ പരിഹാസം തുടരുകയാണ്. ട്വിറ്ററില്‍ എംപിയെ പരിഹസിച്ച് നിരവധിപേര്‍ രംഗത്തെത്തി.