ഞാനാണെങ്കില്‍ സെമിയില്‍ ധോണിയെ 5ാം നമ്പറില്‍ ഇറക്കുമായിരുന്നു: സച്ചിന്‍ • ഇ വാർത്ത | evartha
Sports

ഞാനാണെങ്കില്‍ സെമിയില്‍ ധോണിയെ 5ാം നമ്പറില്‍ ഇറക്കുമായിരുന്നു: സച്ചിന്‍


ലോകകപ്പ് ക്രിക്കറ്റിന്റെ സെമിയില്‍ ന്യൂസീലന്‍ഡിനെതിരെ മഹേന്ദ്രസിങ് ധോണിയെ ഏഴാം നമ്പറില്‍ ഇറക്കിയ ക്യാപ്റ്റന്‍ വിരാട് കോലിയുടെയും ടീം മാനേജ്‌മെന്റിന്റെയും തീരുമാനത്തിനെതിരെ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ രംഗത്ത്. താനായിരുന്നെങ്കില്‍ ധോണിയെ അഞ്ചാം നമ്പറില്‍ ഇറക്കുമായിരുന്നുവെന്ന് സച്ചിന്‍ വ്യക്തമാക്കി.

‘താങ്കളായിരുന്നു ക്യാപ്റ്റനെങ്കില്‍ സെമിഫൈനലില്‍ ന്യൂസീലന്‍ഡിനെതിരെ ഇതേ ബാറ്റിങ് ഓര്‍ഡര്‍ ആയിരിക്കുമോ സ്വീകരിക്കുക’ എന്ന ചോദ്യത്തിനായിരുന്നു സച്ചിന്റെ മറുപടി.

‘ഒരു സംശയവും വേണ്ട, ധോണിയെ ഞാന്‍ അഞ്ചാം നമ്പറില്‍ ഇറക്കുമായിരുന്നു. ഇന്ത്യയുടെ ആ സമയത്തെ അവസ്ഥ വച്ച് പരിചയസമ്പന്നനായ ധോണിയെയാണ് അഞ്ചാമത് ഇറക്കേണ്ടിയിരുന്നത്. നങ്കൂരമിട്ട് ഇന്നിങ്‌സ് കെട്ടിപ്പടുക്കാന്‍ ഒരാളാണ് ആ സമയത്ത് വേണ്ടിയിരുന്നത്. ഹാര്‍ദിക് പാണ്ഡ്യയെ ആറാമതും ദിനേഷ് കാര്‍ത്തിക്കിനെ ഏഴാമതും ഇറക്കുന്നതായിരുന്നു ഉചിതം.’ സച്ചിന്‍ പറഞ്ഞു.