വിമതര്‍ എത്തിയില്ല: ചര്‍ച്ചയിലൂടെ വോട്ടെടുപ്പ് വൈകിപ്പിക്കാന്‍ നീക്കം: സര്‍ക്കാരിനെ താഴേയിറക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞുവെന്ന് കുമാരസ്വാമി

single-img
18 July 2019


കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാരിന്റെ ഭാവി നിശ്ചയിക്കുന്ന നിര്‍ണായക നിയമസഭാ സമ്മേളനം ആരംഭിച്ചു. വിശ്വാസ വോട്ടെടുപ്പ് ഉണ്ടാകാന്‍ സാധ്യതയുള്ള ഇന്നത്തെ സമ്മേളനത്തില്‍ 15 വിമത എംഎല്‍എമാര്‍ എത്തിയിട്ടില്ല. ഇവരെ കൂടാതെ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ക്യാമ്പില്‍ നിന്ന് കടന്ന ശ്രീമന്ത് പാട്ടീലും ബിഎസ്പി എംഎല്‍എ എന്‍.മഹേഷും സഭയിലെത്തിയിട്ടില്ല.

ശ്രീമന്ത് പാട്ടീല്‍ നെഞ്ചു വേദനയെ തുടര്‍ന്ന് മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലാണെന്നാണ് സൂചന. അതേസമയം വിമതര്‍ക്കൊപ്പമുണ്ടായിരുന്ന കോണ്‍ഗ്രസ് എംഎല്‍എ രാമലിംഗ റെഡ്ഡി സഭയിലെത്തിയിട്ടുണ്ട്. തന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുവെന്ന് പറഞ്ഞ് ഒറ്റ വരിയില്‍ മുഖ്യമന്ത്രി കുമാരസ്വാമി വിശ്വാസ പ്രമേയം അവതരിപ്പിച്ചു.

സര്‍ക്കാരിനെതിരെ വിമതര്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് കുമാരസ്വാമി പറഞ്ഞു. ബിജെപിയുടെ പിന്തുണ അവര്‍ക്കുണ്ട്. കുതിരക്കച്ചവടമാണ് നടന്നത്. സഖ്യസര്‍ക്കാരിനെ താഴെയിറക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു.

സഖ്യം നിലനില്‍ക്കുന്നതിനേക്കാള്‍ പ്രധാനം ഗൂഢാലോചന പുറത്തുകൊണ്ടുവരികയാണെന്നും കുമാരസ്വാമി പറഞ്ഞു. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് തങ്ങള്‍ക്കെതിരെ ഉന്നയിക്കുന്നത്. ബി.ജെ.പി നേതാവ് എന്തിനാണ് വിശ്വാസവോട്ടെടുപ്പ് വേഗത്തിലാക്കാന്‍ ധൃതികൂട്ടുന്നതെന്നും കുമാരസ്വാമി ചോദിച്ചു.

നിരവധി എം.എല്‍.എമാര്‍ തന്റെ പ്രവര്‍ത്തനങ്ങളില്‍ സന്തുഷ്ടരാണെന്ന് അറിയിച്ചിട്ടുണ്ട്. ചിലര്‍ക്ക് തന്നോടുള്ള ബഹുമാനം നഷ്ടപ്പെട്ടിരിക്കുന്നു. എന്നാല്‍ തനിക്ക് ആത്മാഭിമാനം ബാക്കിയുണ്ട്. സര്‍ക്കാറിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിച്ചതിന് ഉത്തരവാദികള്‍ ആരാണ് എന്ന കാര്യത്തിലാണ് ഇവിടെ വ്യക്തത വരുത്താനുള്ളതെന്നും കുമാരസ്വാമി പറഞ്ഞു.

എല്ലാ എം.എല്‍.എമാര്‍ക്കും സംസാരിക്കാന്‍ പരമാവധി സമയം നല്‍കി വിശ്വാസവോട്ടെടുപ്പ് നടത്താനാണ് സര്‍ക്കാരിന്റെ ശ്രമം. ചര്‍ച്ച നാളെയും പൂര്‍ത്തിയായില്ലെങ്കില്‍ വോട്ടെടുപ്പ് അടുത്താഴ്ചത്തേക്കു നീളും. അതേസമയം, ചര്‍ച്ച വേണ്ടെന്നും വോട്ടെടുപ്പ് ഇന്ന് തന്നെ നടത്തണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി സ്പീക്കറെ സമീപിച്ചു.

അതേസമയം, സിദ്ധാരാമയ്യ പ്രസംഗിക്കുന്നതിനിടെ ബിജെപി നേതാക്കള്‍ ബഹളം വച്ചത് സഭയില്‍ ചെറിയതോതിലുള്ള വാക്കേറ്റത്തിന് ഇടയാക്കി.