വിശ്വാസവോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം; റിസോർട്ടിൽ താമസിപ്പിച്ചിരുന്ന ഒരു എംഎൽഎ ‘ചാടിപ്പോയി’

single-img
18 July 2019

കര്‍ണാടകയില്‍ എം.എല്‍.എയെ കാണാനില്ല. കോണ്‍ഗ്രസ് എം.എല്‍.എ ശ്രീമന്ത് പാട്ടീലിനെയാണ് ഇന്നലെ രാത്രി മുതല്‍ കാണാതായത്. ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് എം.എല്‍.എയുടെ തിരോധാനം.

Support Evartha to Save Independent journalism

എം.എല്‍.എമാര്‍ താമസിക്കുന്ന റിസോര്‍ട്ടില്‍ നിന്നാണ് പാട്ടീലിനെ കാണാതായത്. ഇന്നലെ സിദ്ധരാമയ്യ റിസോര്‍ട്ടില്‍ നടത്തിയ യോഗത്തില്‍ പാട്ടീല്‍ പങ്കെടുത്തിരുന്നു. ഇന്നലെ രാത്രി 8 മണി വരെ എം.എല്‍.എ റിസോര്‍ട്ടിലുണ്ടായിരുന്നതായും പിന്നീട് കണ്ടില്ലെന്നും ദൃക്സാക്ഷികള്‍ വ്യക്തമാക്കി. പാട്ടീലിനായി വിമാനത്താവളങ്ങളിലടക്കം തിരച്ചിൽ നടത്തി വരികയാണ്.

എന്നാൽ എംഎൽഎയെ കാണാതായെന്ന റിപ്പോർട്ട് കോൺഗ്രസ് നിഷേധിച്ചു. ശ്രീമന്ത് പാട്ടീൽ ആശുപത്രിയിൽ ചികിത്സക്ക് പോയതാണെന്നാണ് കെപിസിസിയുടെ വിശദീകരണം.

അതേ സമയം പ്രതിസന്ധിയിലായ സഖ്യ സർക്കാരിന് താത്കാലിക ആശ്വാസം നൽകി വിമത എംഎൽഎമാരിൽ ഒരാൾ രാജി പിൻവലിക്കുമെന്ന് അറിയിച്ചു. കോൺഗ്രസ് എംഎൽഎ രാമലിംഗ റെഡ്ഡിയാണ് രാജി പിൻവലിക്കാൻ തീരുമാനിച്ചത്.

വിശ്വാസ വോട്ടെടുപ്പിൽ സർക്കാരിന് അനുകൂലമായി അദ്ദേഹം വോട്ട് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ മുംബൈയിൽ തുടരുന്ന മറ്റു വിമതർ വോട്ടെടുപ്പിൽ പങ്കെടുത്തേക്കില്ലെന്നാണ് സൂചന. ഇവരുടെ പിന്തുണയില്ലാതെ വിശ്വാസ വോട്ടെടുപ്പിൽ സർക്കാരിന് ജയിക്കാനാവില്ല.