കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പ് നടന്നില്ല; ബിജെപി അംഗങ്ങള്‍ സഭവിട്ട് പോവില്ലെന്ന് ബിഎസ് യെദ്യൂരിയപ്പ

single-img
18 July 2019

നീണ്ടുനിന്ന അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ വിശ്വാസവോട്ടെടുപ്പ് നടക്കാതെ കര്‍ണാടക നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. സഭ ചേരുമ്പോള്‍ വിശ്വാസ വോട്ടെടുപ്പ് ഇന്നുതന്നെ നടത്തുന്നത് പരിഗണിക്കണമെന്ന് ഗവര്‍ണര്‍ വാജുഭായി വാല സ്പീക്കറോട് പറഞ്ഞിരുന്നു. പക്ഷെ ഈ നിര്‍ദ്ദേശം സ്പീക്കര്‍ തള്ളുകയായിരുന്നു. തുടര്‍ന്ന്സഭ ഇന്നത്തേക്ക് പിരിഞ്ഞെങ്കിലും ബിജെപി അംഗങ്ങളാരും സഭവിട്ട് പോവില്ലെന്ന് ബിഎസ് യെദ്യൂരിയപ്പ അറിയിച്ചു.

സഭ പിരിഞ്ഞാലും താനും എംഎല്‍എമാരും സഭയില്‍ത്തന്നെ ഉറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. നാളെ രാവിലെ പതിനൊന്നുമണിക്കാണ് സഭ വീണ്ടും ചേരുക.കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്- ജെഡിഎസ് പക്ഷത്തുള്ള 16 എംഎല്‍എമാര്‍ രാജി സമര്‍പ്പിച്ചതോടെ കുമാരസ്വാമി സര്‍ക്കാര്‍ ന്യൂനപക്ഷമായിരിക്കുകയാണ്. നാളെയും അപ്രതീക്ഷിതമായി ഒന്നും സംഭവിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ താഴെവീഴാനാണ് സാധ്യത.

ഇന്ന് രാവിലെ പതിനൊന്നുമണിയോടെയായിരുന്നു മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി വിശ്വാസവോട്ട് തേടിയത്. സഭയില്‍ ഒറ്റവാചകത്തിലാണ് അദ്ദേഹം വിശ്വാസപ്രമേയം അവതരിപ്പിച്ചത്. അതിനെ തുടര്‍ന്നുണ്ടായ വാക്കേറ്റത്തില്‍ സഭ ഒന്നരമണിക്കൂറോളം നിര്‍ത്തിവെക്കുകയും ചെയ്തു.